കാപ്രോലാക്ടം ഉത്പാദനം നിലച്ചിട്ട് അഞ്ചു മാസം

Monday 28 July 2025 12:29 AM IST

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ കാപ്രോലാക്ടം പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് അഞ്ചുമാസം. ആദ്യകാലത്ത് കോടികൾ ലാഭമുണ്ടാക്കിയ അഭിമാന ഡിവിഷനിൽ ഉത്പാദനം പുനരാംഭിക്കുന്നതിൽ മാനേജ്മെന്റ് ഉദ്യോഗസ്ഥരും രണ്ടുതട്ടിലാണ്. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ നഷ്ടമാകുമെന്നു ഒരുവിഭാഗവും ലാഭമാകുമെന്ന് മറുവിഭാഗവും കണക്കുകൾ നിരത്തി വാദിക്കുന്നു. ഉത്പാദനം പുനരാരംഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഫാക്ട് വർക്കേഴ്സ് യൂണിയൻ പറയുന്നു.

1990ൽ 1,500 കോടി രൂപ ചെലവിൽ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് കാപ്രോലാക്‌ടം പ്ളാന്റ്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 1995ൽ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇറക്കുമതി തീരുവ കുറച്ചതോടെ പ്ലാന്റിന്റെ ശനിദശ തുടങ്ങി.

മൂന്നര പതിറ്റാണ്ടിനുള്ളിൽ പലതവണ ഉത്പാദനം നിറുത്തേണ്ടി വന്നിട്ടുണ്ട്. 2012ൽ നിറുത്തിയശേഷം സി.എം.ഡി യായിരുന്ന കിഷോർ രുംഗ്തയാണ് ഉത്പാദനം പുനരാരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയത്. കേന്ദ്ര സർക്കാർ നൽകിയ 1,000 കോടി രൂപയും എൽ.എൻ.ജി വില 10 ഡോളറാക്കി കുറച്ചുനൽകിയതിന്റെയും അടിസ്ഥാനത്തിൽ 2019ൽ ഉല്പാദനം പുനരാരംഭിച്ചു.

നഷ്ടത്തിന് കാരണം

കാപ്രോലാക്ടം ഉത്പാദനത്തിനാവശ്യമായ ബെൻസിനിന്റെ വില വർദ്ധന

അമോണിയ ഉത്പാദനത്തിനാവശ്യമായ സി.എൻ.ജി യുടെ വിലവർദ്ധന

ആഭ്യന്തര ഉല്പദാനത്തേക്കാൾ കുറഞ്ഞ ചെലവിൽ വിദേശ വിപണിയിൽ ലഭ്യമാണ്

ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്.

യൂണിയൻ ആവശ്യപ്പെടുന്നത്

ഉത്പാദനം മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തുക

ഇറക്കുമതി ചുങ്കം ഉയർത്തുക

ആർ.സി.എഫ്., എൻ.എഫ്.എൽ., ജി. എസ്.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന നിരക്കിൽ ഫാക്ടിനും എൽ.എൻ.ജി. ലഭ്യമാക്കുക.

കേരള സർക്കാർ എൽ.എൻ.ജി. നികുതി ഒഴിവാക്കുക.

നേട്ടങ്ങൾ

ലാഭത്തിലേക്ക് കുതിച്ചുയരാം.

തൊഴിലവസരങ്ങൾ കൂടും.

സെലക്ഷൻ ലിസ്റ്റിലുള്ള അഡ്ഹോക്ക്കാർക്ക് സ്ഥിരനിയമനം.

2026 മുതൽ വിരമിക്കൽ കൂടുന്നതിനാൽ ഒഴിവുകൾ കൂടും

കാപ്രോലാക്ടം പ്ളാന്റൽ ഉടൻ പ്രവർത്തനം ആരംഭിക്കണം.

ജോർജ് തോമസ്

ഫാക്ട് വർക്കേഴ്സ് യൂണിയൻ

ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം തീരുമാനം എടുക്കണം.

നാസർ വി.എ.

ഫാക്ട് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)