ചാലക്കുടിപ്പുഴയിൽ രണ്ടരമണിക്കൂർ അകപ്പെട്ട കൊമ്പൻ തിരികെയെത്തി
ചാലക്കുടി: കൊലകൊമ്പനായാലും കുത്തൊഴുക്കിനു മുന്നിൽ മുട്ടുമടക്കും. സ്വജീവൻ രക്ഷിക്കാൻ അടവുകളെല്ലാം പയറ്റും. അതിരപ്പിള്ളിക്കടുത്ത് ചാലക്കുടിപ്പുഴയിലെ പിള്ളപ്പാറയിൽ ഇന്നലത്തെ കാഴ്ചയാണിത്. ഒഴുക്കിൽപ്പെട്ട കാട്ടാന രണ്ടരമണിക്കൂറെടുത്താണ് രക്ഷപ്പെട്ടത്.
രാവിലെ 9.30നായിരുന്നു തുടക്കം. പിള്ളപ്പാറ എണ്ണപ്പന തോട്ടത്തിൽ രാത്രി മുഴുവൻ ചുറ്റിക്കറങ്ങിയ കാട്ടാന പ്ലാന്റേഷൻ പ്രദേശത്തേക്ക് പതിവുപോലെ എത്തി. പുഴയിലിറങ്ങി സർവശക്തിയുമെടുത്ത് മുൻപിലേക്കാഞ്ഞു. പകുതിദൂരം എത്തിയതോടെ ഒഴുക്കിൽപ്പെടുന്ന നില കടുത്തു. തിരികെയെത്താനായി പിന്നെ ശ്രമം. മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പൊരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഷട്ടറുകൾ തുറന്നുവിട്ടിരുന്നു അപ്പോൾ. ജീവഭയത്തോടെ കര അണയാൻ നോക്കിയ കൊമ്പൻ പലവട്ടം താഴേക്കു വീണു. അപ്പോഴെല്ലാം ഒഴുകിപ്പോകാതിരിക്കാൻ വെള്ളത്തിൽ മുങ്ങിയുള്ള അടവുകൾ. ഇടയ്ക്ക് പ്രാണവായുവിനായി മുകളിലേക്ക് തുമ്പിക്കൈ ഉയർത്തി. ഒടുവിൽ ഒരുവിധം തിരികെയെത്തി. അപ്പോഴേക്കും അവശനായിരുന്നു.
ചാലക്കുടിപ്പുഴയുടെ ഒഴുക്കിനെ അതിജീവിച്ച് മറുകര എത്താനുള്ള ശ്രമം പാരാജയപ്പെടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയവരെ തിരിഞ്ഞൊന്ന് നോക്കിയ കൊമ്പൻ പിള്ളപ്പാറ മലയിലേക്കുതന്നെ മടങ്ങിപ്പോയി.