ടെക്നോപാർക്കിന് 35 വയസ്, പുതിയ 30,000 തൊഴിലവസരം

Monday 28 July 2025 12:00 AM IST

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാമ്പസായ ടെക്‌നോപാർക്ക് തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് മൂന്നര പതിറ്റാണ്ട് പൂർത്തിയാവും. സംസ്ഥാനത്തിന്റെ ഐ.ടി കയറ്റുമതി രംഗത്ത് ടെക്‌നോപാർക്ക് നൽകിയത് സുപ്രധാന സംഭാവന. 2023-24ൽ ഉണ്ടായത് 13,255 കോടിയുടെ ഐ.ടി കയറ്റുമതി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 760 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടിയിൽ അഞ്ച് ക്യാമ്പസുകൾ പ്രവർത്തിക്കുന്നു.

നാല് ദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണത്തിൽ പുതിയ പ്രോജക്ടുകൾക്കായി വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ഇത് പൂർത്തിയായാൽ 30,000ത്തിലധികം പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടും.

35-ാം വാർഷിക ദിനമായ ഇന്ന് ടെക്‌നോപാർക്കിന്റെ വളർച്ചാഘട്ടങ്ങളെ ഓർക്കുന്നതിനും വികസന പരിപാടികൾ പങ്കുവയ്ക്കുന്നതിനും ജീവനക്കാർ ഒത്തുചേരും. ടെക്‌നോപാർക്കിന്റെ സ്ഥാപക എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ കെ. മാധവൻ പിള്ളയെ ആദരിക്കും. ക്യാമ്പസിലെ പുതിയ ബ്രാൻഡഡ് സ്റ്റോറിന്റെ ഉദ്ഘാടനവും നടത്തും. ചടങ്ങിൽ അഗസ്ത്യം കളരിയുടെ സാംസ്‌കാരിക പ്രകടനം ഉണ്ടാകും.

നിലവിലുള്ള കമ്പനികൾ

ഇൻഫോസിസ്, യു.എസ്.ടി, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ആക്‌സെഞ്ചർ, ടാറ്റ എൽക്സി, അലയൻസ്, ഗൈഡ്ഹൗസ്, നിസാൻ ഡിജിറ്റൽ, ഒറാക്കിൾ, ഐ.ബി.എസ്, ക്വസ്റ്റ് ഗ്ലോബൽ, ടൂൺസ് ആനിമേഷൻ ഉൾപ്പെടെ 500 ലധികം കമ്പനികൾ.

പുതുതായി തുടങ്ങുന്നവ

ടോറസ് എംബസിയുടെ ഡൗൺടൗൺ ട്രിവാൻഡ്രം (ഫേസ് 3), ടി.സി.എസ് ഐ.ടി/ഐ.ടി.ഇ.എസ് (ഫേസ് 4), ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ (ഫേസ് 1), ദി ക്വാഡ് (ഫേസ് 4), വർക്കിംഗ് വിമൻസ് ഹോസ്റ്റൽ (ഫേസ് 5, കൊല്ലം), കേരള സ്‌പേസ് പാർക്ക്, കേരള ഡിഫൻസ് ഇന്നൊവേഷൻ സോൺ, എം.എസ്.എം.ഇ ടെക്‌നോളജി സെന്റർ, എമർജിംഗ് ടെക് ഹബ്ബ്, ഡിജിറ്റൽ സയൻസ് പാർക്ക്, മ്യലേൺ ബൈ ജിടെക്, യൂണിറ്റി മാൾ തുടങ്ങിയവ.

''35 വർഷക്കാലമായി ആഗോള കമ്പനികൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പുതുമുഖ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്കും ടെക്‌നോപാർക്ക് വളക്കൂറുള്ള അന്തരീക്ഷമൊരുക്കി

-റിട്ട. കേണൽ സഞ്ജീവ് നായർ,

സി.ഇ.ഒ, ടെക്‌നോപാർക്ക്