മിഥുന്റെ മരണം: റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി
പാലക്കാട്: കൊല്ലം തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന് കാട്ടിയുള്ള കെ.എസ്.ഇ.ബി ചീഫ് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. അപകടത്തിൽ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നായിരുന്നു റിപ്പോർട്ടിൽ. ഒമ്പത് വർഷമായി പോവുന്ന വൈദ്യുതിലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, വീഴ്ചവരുത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് അപൂർണമാണ്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാനും അടിയന്തരമായി വിശദ അന്വേഷണം നടത്താനും നിർദ്ദേശിച്ചു. റിപ്പോർട്ട് വ്യക്തമല്ലാത്തതിനാലാണ് താൻ അംഗീകരിക്കാതിരുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏതെല്ലാം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ഇ.ബി ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.