വെള്ളയും ചാരവും കലര്‍ന്ന നിറം, തൊലിക്ക് കട്ടി കൂടുതല്‍; വല നിറച്ചത് ടണ്‍ കണക്കിന് മീന്‍

Sunday 27 July 2025 9:19 PM IST

തിരുവനന്തപുരം: വള്ളങ്ങളില്‍ തീരത്ത് എത്തിയത് ടണ്‍ കണക്കിന് മരപ്പാന്‍ ക്ലാത്തി മത്സ്യം. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ വള്ളങ്ങളിലാണ് വന്‍ മത്സ്യ ശേഖരമെത്തിയത്. കനത്ത മഴ തുടരുന്നതിനിടെയാണിത്. വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് എത്തിയ വള്ളങ്ങളിലാണ് ടണ്‍ കണക്കിന് മരപ്പാന്‍ ക്ലാത്തി ലഭിച്ചത്. സാധാരണയായി ലഭിക്കുന്ന മത്സ്യമാണെങ്കിലും ഇത്രയും അധികം അടുത്തകാലത്തൊന്നും തന്നെ ലഭിച്ചിട്ടില്ല.

വെള്ളയും ചാരനിറവും ചേര്‍ന്ന മരപ്പാന്‍ ക്ലാത്തി മീനുകളുടെ പുറംതോടിന് നല്ല കട്ടിയാണ്. പരന്ന് വലുപ്പമുള്ള ക്ലാത്തിയ്ക്ക് വിദേശ കമ്പോളങ്ങളിലാണ് വന്‍ ഡിമാന്‍ഡ്. ക്ലാത്തിയൊന്നിനു ശരാശരി വില 250 ഓളം രൂപയായിരുന്നുവെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ജപ്പാന്‍, ചൈന എന്നിവയ്ക്ക് പുറമേ തണുപ്പേറിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവയെ കയറ്റുമതി ചെയ്യുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഉറപ്പേറിയ മാംസവും കാഠിന്യമുള്ള മുള്ളുകളുമാണ് ഇതിന്റെ പ്രത്യേകത. പ്രോട്ടീന്‍ കൂടുതലുള്ള ഈ മീന്‍ അതീവ രുചികരമാണ്.ഇന്ന് ഉച്ചയ്ക്ക് ശേഷം കടലില്‍ പോയി മടങ്ങിയവരുടെ വള്ളങ്ങളിലെല്ലാം നിറയെ ലഭിച്ചത് മരപ്പാന്‍ ക്ലാത്തികളാണ്. പുറംതൊലി നല്ല കട്ടിയുള്ള പരന്ന് വലുപ്പമുള്ള ക്ലാത്തിയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ വന്‍ വിലയാണ്. മാംസത്തിന് തണുപ്പിനെ ചെറുക്കാനുള്ള കഴിവുള്ളതിനാല്‍ തണുപ്പ് കൂടിയ രാജ്യങ്ങളില്‍ വന്‍ വിലയ്ക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്.

ക്ലാത്തി മത്സ്യം തീരത്ത് കൂട്ടിയിട്ടത് മത്സ്യം വാങ്ങാനെത്തിയവര്‍ക്ക് അത്ഭുത കാഴ്ചയായി മാറി. കനത്ത മഴയിലും തീരത്ത് ക്ലാത്തി മത്സ്യ ലേലം നടന്നു. ഇതിനൊപ്പം കല്ലന്‍ കണവകളും കിട്ടിയത് ഇരട്ടിനേട്ടമായി. ഇവ രണ്ടും വിദേശ മാര്‍ക്കറ്റിലേക്ക് കയറ്റി അയയ്ക്കുന്ന കമ്പനികള്‍ ലേലത്തിനെടുക്കുകയായിരുന്നു. ഒരു കിലോയോളം തൂക്കം വരുന്ന ഒരു ക്ലാത്തിയ്ക്ക് 250 ഓളം രൂപ വില ലഭിച്ചു.