നെല്ലിയാമ്പതിയിൽ ഇരുന്നൂറോളം വേഴാമ്പലുകൾ

Monday 28 July 2025 1:36 AM IST
വേഴാമ്പൽ

നെല്ലിയാമ്പതി: വംശനാശ ഭീഷണി നേരിടുമ്പോഴും നെല്ലിയാമ്പതി മലനിരകളിൽ ഇരുന്നൂറോളം വേഴാമ്പലുകളുണ്ടെന്ന് കണ്ടെത്തൽ. കേരള വനം വന്യജീവി വകുപ്പും പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് വേഴാമ്പലിന്റെ എണ്ണമെടുത്തത്. മലമുഴക്കി വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറോളം വേഴാമ്പലുകളെ സർവേയിൽ കണ്ടെത്തി. പാണ്ടൻ വേഴാമ്പലിന്റെ സാന്നിദ്ധ്യവും പ്രദേശത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇവ നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളം, വാഴച്ചാൽ, അതിരപ്പിള്ളി, വാൽപ്പാറ എന്നിവിടങ്ങളിലേക്കും തിരിച്ചും ദേശാന്തരഗമനം നടത്തുന്നു.

നെല്ലിയാമ്പതിയിൽ ആരംഭിച്ച ദീർഘകാല വേഴാമ്പൽ നിരീക്ഷണ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തിയത്. വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ, ഭക്ഷണ രീതി, ആരോഗ്യം, ആവാസവ്യവസ്ഥയ്ക്കുള്ള ഭീഷണി, വ്യവസ്ഥാപിത സംരക്ഷണം, നടപടികൾ, ഇടപെടലുകൾ എന്നിവ മനസിലാക്കുകയായിരുന്നു ലക്ഷ്യം. നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ, കൊല്ലങ്കോട് റേഞ്ചുകളിലാണ് സർവേ നടത്തിയത്. നിത്യഹരിത വനങ്ങൾ, അർധ നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും കാടുകൾ, വരണ്ട ഇലപൊഴിയും കാടുകൾ, തോട്ടങ്ങൾ, ജലസംഭരണികൾ എന്നീ മേഖലകളിൽ മൂന്ന് ദിവസം കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനം. 160 കിലോമീറ്റർ നീളമുള്ള 21 കാട്ടുപാതകൾ ഇതിനായി തെരഞ്ഞെടുത്തു. നെല്ലിയാമ്പതിയിലെ വനനശീകരണം, വിനോദ സഞ്ചാരം മൂലമുള്ള പരിസ്ഥിതി നാശം, കാട്ടുതീ, അധിനിവേശ സസ്യങ്ങളുടെ ഭീഷണി എന്നിവയും പഠന വിധേയമാക്കി.

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആർ ശിവപ്രസാദ്, ഡി.എഫ്.ഒ പി.പ്രവീൺ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തകരായ പ്രവീൺ വേലായുധൻ, ലിജോ പനങ്ങാടൻ, സയ്യിദ് അൻവർ അലി എന്നിവർ പഠനത്തിന് നേതൃത്വം നൽകി. സർവേ റിപ്പോർട്ട് ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി വിജയാനന്ദന് കൈമാറി.