ജീവനറ്റ് 'ജൽജീവൻ'; കരാറുകാരുടെ കുടിശ്ശിക 6,000 കോടി
കോഴിക്കോട്: ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലമെത്തിക്കാനുള്ള ജൽജീവൻ പദ്ധതിയുടെ കരാറെടുത്ത സംസ്ഥാനത്തെ 600 ഓളം ഗവ. കോൺട്രാക്ടർമാർക്ക് കിട്ടുനുള്ളത് 15 മാസത്തെ കുടിശ്ശിക 5,200 കോടി. ഇനി കൊടുക്കാനുള്ള ബില്ലുകളും ഉൾപ്പെടുത്തിയാൽ 6,000 കോടിയാകും. കുടിശ്ശിക കിട്ടാത്തതിനെ തുടർന്ന് കരാറുകാർ പ്രവൃത്തി നിറുത്തിയതിനാൽ 2024ൽ പൂർത്തിയാക്കേണ്ട പദ്ധതി സ്തംഭനത്തിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണത്രേ കുടിശ്ശികയ്ക്ക് കാരണം. കൂടുതൽ വെട്ടിലായത് ബാങ്ക് വായ്പയെടുത്ത കരാറുകാരാണ്. പലിശയുൾപ്പെടെ വൻതുക അടയ്ക്കണം. റോഡുകൾ കുഴിച്ചും പെെപ്പെടുത്തുമുള്ള പ്രവൃത്തികൾ പാതിവഴിയിലാണ്. ജല ശുദ്ധീകരണശാലകൾ, ടാങ്കുകൾ, മെയിൻ പൈപ്പ് ലെെനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ പല ജില്ലകളിലും എങ്ങുമെത്തിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതി പൂർത്തീകരിച്ചുവത്രെ. നിലവിൽ ഏറ്റെടുത്ത പ്രവൃത്തി പൂർത്തികരിക്കാത്തതിന് വാട്ടർ അതോറിറ്റി അധികൃതർ കരാറുകാർക്ക് നോട്ടീസ് നൽകുന്നുമുണ്ട്. 2019ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച പദ്ധതി സംസ്ഥാനത്ത് തുടങ്ങിയത് 2020ലാണ്. കേന്ദ്ര, കേരള സർക്കാരുകൾ തുല്യ ചെലവിലാണ് നടപ്പാക്കുന്നത്. 2024ൽ പൂർത്തിയാകാത്തതിനാൽ പദ്ധതി 2028 വരെ നീട്ടി. വാട്ടർ അതോറിറ്റിയാണ് നിർവഹണ ഏജൻസി. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി പ്രകാരമാണ് കരാറുകാർക്ക് നൽകുന്നത്. പണം സ്വരൂപിക്കാനുള്ള വിവിധ പ്രൊപ്പോസലുകൾ വാട്ടർ അതോറിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
- വിനയായത് ആസൂത്രണമില്ലായ്മ
മതിയായ ആസൂത്രണമില്ലാതെ നടപ്പാക്കിയതിനാൽ ഭൂരിഭാഗം ജില്ലകളിലും പദ്ധതി പരാജയമാണെന്ന് ആക്ഷേപമുണ്ട്. വേണ്ടത്ര ജലശുദ്ധീകരണ ശാലകളോ പമ്പിംഗ് മെയിനുകളോ ടാങ്കുകളോ നിർമ്മിക്കാതെ എല്ലാ വീട്ടിലേക്കും വാട്ടർ കണക്ഷൻ നൽകി. ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ മുപ്പതോളം പദ്ധതികൾ പൂർണമായി മുടങ്ങി.
കണക്ക് ഇങ്ങനെ
(തുക കോടിയിൽ)
ഭരണാനുമതിയായത്....44,714.79
കിട്ടിയത്....11,143.57
കേന്ദ്ര വിഹിതം....5610.30
സംസ്ഥാന വിഹിതം....5533.27
ഇനി ആവശ്യമുള്ള തുക....16,785.61
പ്രതിവർഷം....4200
വായ്പ തിരിച്ചടക്കാനാകാത്തതിനാൽ ഒരു ബാങ്കിൽ നിന്നും പുതിയ വായ്പ കിട്ടുന്നില്ല. പലരും ജപ്തി ഭീഷണിയിലാണ്.
-ജിതിൻ ഗോപിനാഥ്
ആൾ ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ.