മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജാവും റാണിയുമായി ന്യൂസിലാൻഡുകാരായ റയാനും റാട്ടയും
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റ് കയാക്കിംഗ് റാപ്പിഡ് വിഭാഗത്തിൽ ജേതാക്കളായി ന്യൂസിലാൻഡ് സ്വദേശികൾ. റാപ്പിഡ് രാജാവായി റയാൻ ഒ കൊന്നോറും റാപ്പിഡ് റാണിയായി റാട്ട ലോവൽ സ്മിത്തും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വേഗം കൂടിയ താരങ്ങളെ തെരഞ്ഞെടുക്കുന്ന അവസാന ദിവസത്തെ ഡൗൺ റിവർ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ചിലി സ്വദേശി കിലിയൻ ഐവെലിക്കും ഉത്തരാഖണ്ഡ് സ്വദേശി അർജുൻ സിംഗ് റാവത്തും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡ് സ്വദേശികളായ മില്ലി ചേമ്പർലൈൻ രണ്ടും ഡേയ്ല വാർഡ് മൂന്നും സ്ഥാനം നേടി. വനിതാപുരുഷ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 1,20,000, 60,000, 30,000 എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഇന്ത്യൻ കയാക്കർമാർക്ക് ഫെസ്റ്റിൽ നൽകുന്ന ഇന്ത്യൻ ബെസ്റ്റ് പാഡ്‌ലേഴ്സ് അവാർഡിൽ ഒന്നാം സ്ഥാനം അർജുൻ സിംഗ് റാവത്ത് കരസ്ഥമാക്കി. കേരളത്തിൽ നിന്നുള്ള മികച്ച പാഡ്‌ലേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് അശോക്, ആദം മാത്യു സിബി, നിഖിൽ ദാസ്, സുധാകർ ജെന, റയാൻ വർഗീസ്, ഡോണ മാർസെല്ല, ഇ സ്വാലിഹ എന്നിവർക്ക് 10,000 രൂപ വീതം സമ്മാനത്തുക ലഭിച്ചു. അണ്ടർ 18 പുരുഷ വിഭാഗത്തിൽ അനക്, ആദം മാത്യു സിബി എന്നിവർക്കും വനിതാ വിഭാഗത്തിൽ കരിഷ്മ ദിവാനും പ്രത്യേക ക്യാഷ് അവാർഡ് നൽകി.
ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി: പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കയാക്കിംഗ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വൈറ്റ് വാട്ടർ കയാക്കിംഗിന്റെ പ്രധാന വേദികളിലൊന്നായി മലബാർ റിവർ ഫെസ്റ്റിവൽ ഉയർത്തപ്പെട്ടു എന്നതാണ് ഇത്തവണത്തെ സവിശേഷത. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിംഗ് ഫെസ്റ്റിവലുകളിൽ ഒന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായും മന്ത്രി പറഞ്ഞു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ 11ാമത് എഡിഷൻ ഒരുക്കിയത്. ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായിരുന്നു മത്സരം. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശിഖ സുരേന്ദ്രൻ, ബിന്ദു ജോൺസൻ, അലക്സ് തോമസ്, ജോസ് ജേക്കബ്, കെ.എ അബ്ദുറഹ്മാൻ, ഡി.ഗിരീഷ് കുമാർ, ബിനു കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മർസി മ്യൂസിക് ബാൻഡിന്റെ കലാപരിപാടികൾ അരങ്ങേറി.