വളയം പിടിപ്പിച്ച് വനിതകളുടെ 'സ്വപ്നയാത്ര'
വഴികാണിച്ച് കുടുംബശ്രീ
കോഴിക്കോട്: സ്ത്രീകള്‍ സ്വന്തമായി തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും മടികാണിക്കുന്ന ഡ്രൈവിംഗ് സ്കൂളെന്ന സംരംഭം നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുത്ത് വിജയകരമായി മന്നോട്ടുകൊണ്ടുപോകുകയാണ് അത്തോളി സ്വദേശികളായ നാല് വനിതകള്‍. കുടുംബശ്രീ നല്കിയ ധൈര്യത്തിലാണ് സ്വന്തം നാട്ടില്‍ പുതുയാത്രക്ക് ഇവര്‍ തുടക്കമിട്ടത്.
കുടുംബശ്രീ വനിതകള്‍ ഇതുവരെ തുടങ്ങിയിട്ടില്ലാത്ത സംരംഭത്തിലായിരുന്നു ഇവർക്ക് താത്പര്യം. പുലരി കുടുംബശ്രീയിലെ വിജയലക്ഷ്മിയുടെ ആശയത്തിനൊപ്പം ബിന്ദു (നവീന കുടുംബശ്രീ), ശാലിനി (നന്മ കുടുംബശ്രീ), ഷാനില (അഭയം കുടുംബശ്രീ) എന്നിവരും ചേര്‍ന്നു. നാട്ടിന്‍പുറത്തെ നിരവധി വനിതകള്‍ ഡ്രൈവിംഗ് പഠിക്കാന്‍ ഇവരുടെ സംരംഭത്തെ തേടിയെത്തി. പരിശീലനം മാത്രമല്ല, ഡ്രൈവിംഗ് തിയറി, വാഹനങ്ങളുടെ പൊതുവിവരണം, ഗതാഗത നിയമങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവയിലെല്ലാം വിശദമായി ക്ലാസും നല്‍കുന്നുണ്ട്. സംരംഭത്തിനുള്ള മൂലധനം അയല്‍ക്കൂട്ടം മുഖേന വായ്പയിലൂടെയാണ് കണ്ടെത്തിയത്. പിന്നീട് കുടുംബശ്രീ കമ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ടും ലഭിച്ചു. സംരംഭത്തിലൂടെ 12 വനിതകളടക്കം 16 പേര്‍ക്ക് ജോലിയുമായി. അത്തോളി സി.ഡി.എസിന് കീഴില്‍ കൊടശ്ശേരിയിലാണ് ആര്യ ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയത്. ടുവീലര്‍, ഫോര്‍വീലര്‍, ബസ് ലൈസന്‍സ് എന്നിവയാണ് പ്രധാനമായും എടുത്തുനല്‍കുന്നത്. കൊടശ്ശേരി ടൗണില്‍ തുടങ്ങിയ സ്കൂള്‍ ഇപ്പോള്‍ അത്തോളി, വെങ്ങളം, എം.എം.സിയിലും പ്രവര്‍ത്തിക്കുന്നു. അത്തോളിയിലാണ് ഹെഡ് ഓഫീസ്. സ്വന്തം കെട്ടിടമാണ് അടുത്ത ലക്ഷ്യം.
തുണിക്കടയും ഓണ്‍ലൈന്‍ സര്‍വീസും
ഡ്രൈവിംഗ് മേഖലയ്ക്ക് പുറമെ, തുണിക്കടകളും ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകളും ഇവരുടെ നേതൃത്വത്തില്‍ തുടക്കമിട്ടിട്ടുണ്ട്. കാട്ടിലപീടികക്ക് സമീപമുള്ള ആര്യ ലേഡീസ് ആന്‍ഡ് കിഡ്സ് എന്ന തുണിക്കടയും നന്മണ്ടയിലെ ആര്യ ഓണ്‍ലൈന്‍ സര്‍വീസ് കേന്ദ്രവും വിജയകരമായാണ് മുന്നോട്ടുപോകുന്നത്. കുടുംബശ്രീ സംരംഭകരെ പുതിയ മേഖലകളിലേക്ക് നയിക്കാന്‍ തങ്ങളുടെ സംരംഭങ്ങള്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണിവർ.
ഡ്രെെവിംഗ് സ്കൂൾ തുടങ്ങിയത് 2011ൽ
പ്രതിമാസ ലാഭം 1.25 ലക്ഷം