ഗില്ലിനും ജഡേജയ്ക്കും സുന്ദറിനും സെഞ്ച്വറി; ഇംഗ്ലണ്ടിന്റെ 'സമനില' തെറ്റിച്ച് ഇന്ത്യ 

Sunday 27 July 2025 10:27 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനില പിടിച്ച് ഇന്ത്യ. ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ 311 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ലീഡ് നേടി മുന്നേറിയതോടെയാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. നാലാം ദിനം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ റണ്ണെടുക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ തോല്‍വിയെ ഉറ്റുനോക്കി. അവിടെ നിന്ന് അഞ്ചാം ദിവസം അവസാന സെഷന്‍ വരെ ബാറ്റ് ചെയ്ത ഇന്ത്യ 425ന് നാല് എന്ന സ്‌കോറിലെത്തിയപ്പോള്‍ സമനിലയില്‍ പിരിയാന്‍ രണ്ട് ടീമുകളും സമ്മതിക്കുകയായിരുന്നു.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (103), അര്‍ദ്ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ (90) സഖ്യം മൂന്നാം വിക്കറ്റില്‍ 188 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. സ്റ്റോക്‌സിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലും പുറത്തായതോടെ ഇന്ത്യ 222ന് നാല് എന്ന നിലയിലേക്ക് വീണു. അവിടെ നിന്നാണ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (107*), വാഷിംഗ്ടണ്‍ സുന്ദര്‍ (101*) സഖ്യം ഐതിഹാസിക സമനിലയിലേക്ക് ബാറ്റ് വീശിയത്.

പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 203 റണ്‍സ് അടിച്ചെടുത്തു. ഇരുവരും സെഞ്ച്വറിക്ക് അരികെ എത്തിയപ്പോള്‍ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് സമനില ഓഫര്‍ മുന്നോട്ട് വച്ചെങ്കിലും ഇന്ത്യ ഇത് നിരസിച്ചത് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. സമനില നിരസിച്ചുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ അതൃപ്തി പരസ്യമാക്കി. ആദ്യം ജഡേജയും തൊട്ട് പിന്നാലെ വാഷിംഗ്ടണും സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതിന് പിന്നാലെ മത്സരം അവസാനിപ്പിക്കാന്‍ ടീമുകള്‍ സമ്മതിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയില്‍ ഇംഗ്ലണ്ട് ആണ് മുന്നില്‍ (2-1). രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഒന്നാമത്തേയും മൂന്നാമത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.