പാചക എണ്ണ മാറി ഉപയോഗിക്കാം, വെളിച്ചെണ്ണ വിലയ്ക്ക് തീപിടിച്ചതോടെ കേരളീയർ ആശങ്കയിൽ

Monday 28 July 2025 12:00 AM IST

തിരുവനന്തപുരം:വെളിച്ചെണ്ണ വിലയ്ക്ക് തീപിടിച്ചതോടെ കേരളീയർ ആശങ്കയിലാണ്.ഹൃദയാരോഗ്യ സംരക്ഷണത്തിന് എണ്ണകൾ മാറി മാറി ഉപയോഗിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ.വെളിച്ചെണ്ണയ്ക്ക് പുറമേ സൂര്യകാന്തി എണ്ണ,തവിടെണ്ണ,നല്ലെണ്ണ,ഒലിവ് ഓയിൽ എന്നിയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്.എന്നാൽ പരിമിതമായ അളവിൽ മാത്രം.

വെളിച്ചെണ്ണയ്ക്ക് ആന്റിബാക്ടീയൽ ഗുണം കൂടുതലാണ്.ഏറ്റവും നല്ല രുചിയും ലഭിക്കും.പാമോയിലിൽ വിറ്റാമിൻ എ,ഇ എന്നിവയുടെ സാന്നിദ്ധ്യമുണ്ട്.വിറ്റാമിൻ ഇ കൂടുതലാണ് സൂര്യകാന്തി എണ്ണയിൽ.ഒമേഗ 6 ഫാറ്റി ആസിഡുകളുമുണ്ട്. ആന്റിഓക്‌സൈഡുകളാണ് ഒലിവ് ഓയിലിനെ മികച്ചതാക്കുന്നത്.ഹൃദയാരോഗ്യത്തിനും അനുയോജ്യമാണ്.വെളിച്ചെണ്ണയിൽ പൂരിതകൊഴുപ്പിന്റെ അളവ് കൂടുതലാണ്.പാമോയിൽ കൊളസ്ട്രോൾ സാദ്ധ്യത വർദ്ധിപ്പിക്കും.സൂര്യകാന്തി എണ്ണ അമിതമായി ഉപയോഗിച്ചാൽ ഒമേഗ 6 ഫാറ്റി ആസിഡ് വർദ്ധിക്കുമെന്നത് ഭീഷണിയാണ്.ഒലിവ് ഓയിലിന് കലോറി കൂടുതലായതിനാൽ ഭാരം കൂടാൻ സാദ്ധ്യതയുണ്ടെന്നും പഠനങ്ങളുണ്ട്.പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് സ്‌മോക്ക് പോയിന്റ്.ചൂടാക്കുമ്പോൾ എണ്ണ പൂർണ്ണമായും വിഘടിച്ച്,പുക വരാൻ തുടങ്ങുന്ന താപനിലയാണ് സ്‌മോക്ക് പോയിന്റ്.സ്‌മോക്ക് പോയിന്റിനപ്പുറം എണ്ണ ചൂടാക്കുന്നത് വിഭവത്തിന്റെ രുചി മാറ്റും. ആരോഗ്യത്തിനും ഹാനികരമാണ്.

നാല് ടീസ്‌പൂൺ മതി

18വയസുകഴിഞ്ഞയാൾക്ക് ഒരുദിവസം പാചകത്തിന് പരമാവധി നാല് ടീസ്‌പൂൺ (20ഗ്രാം) എണ്ണ മതി.

ഏത് എണ്ണയായാലും ഇതാണ് മതിയായ അളവ്.

മറ്റുള്ള ഭക്ഷണങ്ങളിലൂടെ ബാക്കി എണ്ണ ശരീരത്തിലെത്തും.

‌കുട്ടികൾക്കും ഗർഭിണികൾക്കും നാല് ടീസ്‌പൂണിൽ കൂടുതൽ ഉപയോഗിക്കാം.

നാല് പേർക്ക് 20തേങ്ങ!

തേങ്ങവില കേരളത്തിൽ കുതിയ്ക്കുകയാണ്.എന്നാൽ ഭക്ഷണത്തിൽ അമിതമായി തേങ്ങ ഉപയോഗിക്കുന്നത് നല്ലതല്ല.നാലംഗ കുടുംബത്തിന് ഒരു മാസം പരമാവധി 20തേങ്ങയാണ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

എണ്ണ ഏതായാലും കുറച്ച് ഉപയോഗിക്കുകയാണ് ആരോഗ്യകരമായ ഭക്ഷണ ശൈലിയ്ക്ക് അനുയോജ്യം.

-ഡോ.അനിത മോഹൻ

ന്യൂട്രീഷ്യൻ പ്രോഗ്രാം മുൻ ഓഫീസർ

സംസ്ഥാന ആരോഗ്യവകുപ്പ്.