കാത്തിരിപ്പില്ല, ക്യൂ നിൽക്കേണ്ട, 800 ആരോഗ്യകേന്ദ്രങ്ങൾ ഇനി ഓൺലൈൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ- ഹെൽത്ത് സംവിധാനം സജ്ജമായി. മെഡിക്കൽ കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള 18 ഇടങ്ങൾ, 33 ജില്ലാ, ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മൂന്ന് പബ്ലിക് ഹെൽത്ത് ലാബുകൾ, അഞ്ച് മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ- ഹെൽത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം, ഓൺലൈൻ ഒ.പി ടിക്കറ്റ്, എം ഇ- ഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവ അടുത്തിടെ സജ്ജമാക്കിയിരുന്നു. ഇതുവരെ 2.62 കോടിയിലധികം പേർ ഇ- ഹെൽത്തിലൂടെ സ്ഥിരം യു.എച്ച്.ഐ.ഡി രജിസ്‌ട്രേഷനെടുത്തു. താത്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികം പേരും 15.27 ലക്ഷം പേർ അഡ്മിറ്റായും ചികിത്സ തേടി.
ഇ- ഹെൽത്തിലൂടെ ക്യൂ നിൽക്കാതെ നേരത്തെ ഒ.പി ടിക്കറ്റ് എടുക്കാം. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നുതന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനാകും. ഇ- ഹെൽത്ത് പോർട്ടൽ, എം.ഇ ഹെൽത്ത് ആപ്പ് എന്നിവയിലൂടെയും അഡ്വാൻസ് ടോക്കണെടുക്കാം. കാത്തിരിപ്പ് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. രോഗിയുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ പോർട്ടലിൽ ലഭിക്കും.
ഓൺലൈനാകാം ഇങ്ങനെ
https://ehealth.kerala.gov.inൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം
ആധാർ നമ്പർ നൽകി, ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നൽകുക
തുടർന്ന് ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും
ആദ്യം ലോഗിൻ ചെയ്യുമ്പോൾ, 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും മൊബൈലിൽ മെസേജായി ലഭിക്കും
ഈ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം
ഇ- ഹെൽത്ത് നടപ്പാക്കിയ
സ്ഥാപനങ്ങൾ ജില്ലതിരിച്ച്
തിരുവനന്തപുരം...................121
കൊല്ലം........................................ 45
പത്തനംതിട്ട..............................27
ആലപ്പുഴ.....................................49
കോട്ടയം.....................................45
ഇടുക്കി........................................27
എറണാകുളം..........................83
തൃശൂർ.......................................79
പാലക്കാട്.................................57
മലപ്പുറം ....................................81
കോഴിക്കോട്..........................68
വയനാട്...................................33
കണ്ണൂർ.....................................55
കാസർകോട്.........................30