സതീശൻ സൂപ്പർമാൻ കളിക്കേണ്ട: വെള്ളാപ്പള്ളി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്നലെ സതീശന്റെ മണ്ഡലമായ പറവൂരിലും എറണാകുളത്തും നടന്ന ശാഖായോഗം നേതൃസംഗമങ്ങളിൽ സതീശനും മുസ്ലിം ലീഗിനുമെതിരായ നിലപാടുകൾ വെള്ളാപ്പള്ളി കടുപ്പിച്ചു.
സൂപ്പർമാനാണെന്ന് ധരിക്കേണ്ടെന്നും പറവൂരിൽ സതീശൻ തോറ്റ ചരിത്രവുമുണ്ടെന്നും
വെള്ളാപ്പള്ളി പറഞ്ഞു.പറവൂരിലെ 54 ശതമാനം ഈഴവർ പോഴന്മാരല്ല. സ്വന്തം മണ്ഡലത്തിലെ കള്ള്, നെയ്‌ത്ത്, കയർ വ്യവസായങ്ങൾ നശിച്ചിട്ടും എം.എൽ.എ ചെറു വിരലനക്കിയില്ല. ഈഴവ സ്നേഹം അഭിനയിക്കുന്ന ഒരു പാടു മുഖങ്ങളുള്ള നേതാവായ സതീശൻ മൂന്നാഴ്ച മുമ്പ് വീട്ടിൽ വരാൻ സമയം ചോദിച്ച ശേഷമാണ് തന്നെ ഗുരുധർമ്മം പഠിപ്പിക്കാനിറങ്ങിയത്. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കലാണ് ലക്ഷ്യം.
മലപ്പുറത്ത് ഈഴവ സമുദായം അനുഭവിക്കുന്ന സാമൂഹ്യ അനീതിയാണ് താൻ ചൂണ്ടിക്കാട്ടിയത്. ലീഗുകാർ ഇരിക്കാൻ പറയുമ്പോൾ കോൺഗ്രസ് നേതാക്കൾ കിടക്കും. ആർ. ശങ്കറിന് ശേഷം കോൺഗ്രസിലെ ഈഴവ നേതാക്കളെ വെട്ടിനിരത്തി. ഇപ്പോൾ എം.എൽ.എമാരിൽ ആകെയുള്ളത് കെ. ബാബു മാത്രമാണ്. സതീശന് വി.എം. സുധീരന്റെ ഗതി വരും. രാഷ്ട്രീയ വനവാസമാണ് കാത്തിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ 100 സീറ്റ് ലഭിക്കുമെന്ന് സതീശൻ വീമ്പു പറയുകയാണ്. 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാൽ യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കും. എൽ.ഡി.എഫിന് തുടർ ഭരണം ഉറപ്പാണ്.
സർക്കാരിനും പ്രതിപക്ഷത്തിനുമുള്ള കല്പനകൾ മലപ്പുറത്ത് നിന്ന് ദിവസവും ഇറങ്ങുന്നുണ്ട്. മതസൗഹാർദ്ദം വൺവേ ട്രാഫിക്കല്ല. യോഗത്തിന്റെ വളർച്ച ലീഗിന് പിടിക്കുന്നില്ല. യോഗത്തെ എങ്ങനെയും തകർക്കാനുള്ള തന്ത്രങ്ങളിലാണവർ. ചതിയിൽ വീഴാൻ തയ്യാറല്ലെന്ന് പറഞ്ഞതാണ് കാരണം.
മുസ്ലിം വിരോധിയെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട. കടലിൽ കുളിച്ച താൻ കുളം കണ്ടാൽ പേടിക്കില്ല. മലപ്പുറം ആസ്ഥാനമായി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം പോലുമുണ്ടെന്നു പറഞ്ഞത് താനല്ല. മുസ്ലിങ്ങളുടെ നന്മയ്ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് മുസ്ലിം ലീഗെന്ന് വഖഫ് കേസിൽ സുപ്രീം കോടതിയിൽ അവർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അധികാരം കിട്ടിയപ്പോഴൊക്കെ അവർ മറ്റു സമുദായങ്ങൾക്ക് ഒന്നും നൽകാതെ എല്ലാം തട്ടിയെടുത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും രണ്ട് യോഗങ്ങളിലും പങ്കെടുത്തു.