സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി ശിവൻകുട്ടി: വി.എസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ, വി.എസ്.അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു പെൺകുട്ടി പറഞ്ഞുവെന്ന മുൻ എം.പി കെ.സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി മന്ത്രി വി.ശിവൻകുട്ടി.ഒരാളും വി.എസിനെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ സമ്മേളനത്തിൽ ഞാനും പങ്കെടുത്തതാണ്. അന്നാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്. ഒരു നേതാവും ചർച്ചയിൽ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല.
പാർട്ടിയുടെ മുതിർന്ന നേതാവെന്ന നിലയ്ക്ക് എല്ലാ ബഹുമാനവും പാർട്ടിയിലെ എല്ലാ നേതാക്കളും വി.എസിന് കൊടുത്തിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായങ്ങൾ വസ്തുതാപരമല്ല. വി.എസിന്റെ മരണ ശേഷം അനാവശ്യവിവാദങ്ങൾക്ക് ശ്രമിക്കുകയാണ് ചിലർ. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചർച്ചകൾക്ക് പിന്നിൽ. പിരപ്പൻകോട് മുരളി പറഞ്ഞതും ശുദ്ധനുണയാണ്. ഇതൊക്കെ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിന് പിന്നിൽ മറ്റുലക്ഷ്യങ്ങളാണ്- ശിവൻകുട്ടി പറഞ്ഞു.
ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയിൽ, വി.എസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ഒരു കൊച്ചു പെൺകുട്ടി പറഞ്ഞെന്നും, അധിക്ഷേപം സഹിക്കാനാവാതെ
വി.എസ് വേദി വിട്ടിറങ്ങിയെന്നുമാണ് സുരേഷ് കുറുപ്പ് ഒരു മാദ്ധ്യമത്തിലെ അനുസ്മരണലേഖനത്തിൽ പറയുന്നത്.
ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാം: സുരേഷ് കുറുപ്പ്
കോട്ടയം: ആലപ്പുഴയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നടത്തണമെന്ന് പറഞ്ഞ പെൺകുട്ടി ആരാണെന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. ഇന്നലെ ഒരു മാദ്ധ്യമത്തിൽ എഴുതിയ വി.എസ് അനുസ്മരണ ലേഖനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിന്താ ജെറോം ആണോ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഇനി ആ വിഷയത്തിൽ കൂടുതൽ പറയാനില്ലെന്നായിരുന്നു മറുപടി.