ആറന്മുളയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു, പാലക്കാട്ട് 2 പേർ ഒഴുക്കിൽപെട്ടു

Monday 28 July 2025 12:52 AM IST

a

ആറന്മുള (പത്തനംതിട്ട)​: പാടശേഖരത്തിലെ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങവേ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ഒരാളെ കാണാതായി. കോയിപ്പുറം നെല്ലിക്കൽ മാരിപ്പറമ്പിൽ മിഥുൻ (30), കിടങ്ങന്നൂർ ശാങ്ങത്തേത്ത് മുകടിയിൽ രാഹുൽ (29) എന്നിവരാണ് മരിച്ചത്. നെല്ലിക്കൽ മാരിപ്പറമ്പിൽ ദേവനെയാണ് (35) കാണാതായത്.

ഇന്നലെ വൈകിട്ട് 6.30നാണ് മഴയത്ത് വെള്ളം നിറഞ്ഞ നെല്ലിക്കൽ തൃക്കണ്ണാപുരം പാടശേഖരത്ത് ഇവർ ഫൈബർ വള്ളത്തിൽ മീൻപിടിക്കാനിറങ്ങിയത്. അതിനിടെ വള്ളം മറിഞ്ഞ് മൂവരും മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഏഴു മണിയോടെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

പാലക്കാട്ട് മഴ ശക്തമായി തുടരുന്നതിനിടെ രണ്ടിടത്തായി രണ്ടുപേരെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്ക്ക് സമീപം മീൻ പിടിക്കാൻ ഇറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശി യൂസഫ്,​ നെന്മാറ അയലൂർ അടിപ്പരണ്ടയിൽ പുഴയിൽ മണ്ണാംകുളമ്പ്, എ.ഉമ്മർ ഫാറൂഖ് (45) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി തെരച്ചിൽ തുടരുന്നു.

മഴ: കോഴിക്കോട്ട്

വ്യാപക നാശം

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം.

മലയോര മേഖലയിലടക്കം മരം വീണ് നിരവധി വീടുകൾ തകർന്നു. വെെദ്യുതി ബന്ധം താറുമാറായി. കുറ്റ്യാടിയിൽ നിറുത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. ആർക്കും പരിക്കില്ല. കുറ്റ്യാടി അടുക്കത്ത് നീളംപാറ കമലയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ രണ്ട് ഷട്ടറുകളും അരയടി വീതം ഉയർത്തി.

കുട്ടനാട്ടിൽ അവധി

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുതലായതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാകളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.