കേരളകൗമുദി മെഡിക്കൽ കോൺക്ലേവ് ഇന്ന്
കൊച്ചി:കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കൽ കോൺക്ലേവ് ഇന്ന് 4.30ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.നൂതന സാങ്കേതികവിദ്യകൾ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കും.മൂവാറ്റുപുഴ ചാരീസ് ആശുപത്രിയിലെ ഡോ.ജേക്കബ് ജോൺ രചിച്ച് കേരളകൗമുദി പുറത്തിറക്കുന്ന 'മാറാം, മുന്നേറാം" എന്ന പഠന-ഗവേഷണ പുസ്തകം പ്രകാശനം ചെയ്യും.ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും.കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും.'ടെക്നോളജി വെഴ്സസ് ഹ്യൂമൻ ടച്ച്" എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ ആരോഗ്യ വിദഗ്ദ്ധർ പങ്കെടുക്കും
ഗുരുദേവ ജയന്തി : ശിവഗിരിയിൽ ഒരുക്കങ്ങളായി
ശിവഗിരി:ശ്രീനാരായണഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ശിവഗിരിയിൽ ആരംഭിച്ചു.ജയന്തി ഘോഷയാത്രയിൽ എല്ലാ കലാസാംസ്കാരിക സംഘടനകളും സ്കൂളുകളും സഹകരണ ബാങ്കുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എസ്.എൻ.ഡി.പി യൂണിയനും ശാഖകളും ഫ്ലോട്ടുകൾ അണിനിരത്തും.ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ കൊടി തോരണങ്ങളും വർണ്ണ വിസ്മയം തീർക്കുന്ന വൈദ്യുതി ദീപാലങ്കാരങ്ങളും ദേശവാസികൽ ഒരുക്കാറുണ്ട്.സെപ്തംബർ 7 നാണ് ഗുരുദേവ ജയന്തി.
പി.എസ്.സി പരീക്ഷ സമയംമാറ്റം പിൻവലിക്കണം
തിരുവനന്തപുരം:സെപ്റ്റംബർ മുതൽ കേരള പി.എസ്.സി പരീക്ഷകൾ രാവിലെ 7 മണിക്ക് നടത്താനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.രാവിലെ 7 മണിയ്ക്കാരംഭിയ്ക്കുന്ന പരീക്ഷയ്ക്ക് 6.30ന് ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും.കൂടുതൽ അപേക്ഷകരുള്ള പരീക്ഷകൾ നടക്കുന്നത് യാത്രാ -താമസ സൗകര്യമില്ലാത്ത പരീക്ഷാകേന്ദ്രങ്ങളിലാണ്.ഉദ്യോഗാർത്ഥി സൗഹൃദമല്ലാത്ത തീരുമാനങ്ങൾ പി.എസ്.സി പുനഃപരിശോധിയ്ക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പി.ജി.ഡെന്റൽരണ്ടാം അലോട്ട്മെന്റ് തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി ഡെന്റൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് മൂന്നിന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.