പാഴ്സൽ ലോറി തടഞ്ഞ് കൊള്ള വിമാനത്താവളത്തിലെത്തിയ മറ്റൊരു പ്രതി പിടിയിൽ
ആലപ്പുഴ: ദേശീയപാതയിൽ കരീലകുളങ്ങരയ്ക്കു സമീപം രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കൊള്ളയടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി ഭരത് രാജ് പഴനിയാണ് മുംബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച പ്രതിയെ കരീലകുളങ്ങര പൊലീസ് കസറ്റഡിയിലെടുത്തു. പ്രതിയെ വിമാന മാർഗം നെടുമ്പാശേരിയിലെത്തിക്കും. തുടർന്ന് ആലപ്പുഴയിലെത്തിച്ച് ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കവർച്ചയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ മാസം 13നാണ് സംഭവം നടന്നത്. കോയമ്പത്തുരിൽ നിന്ന് കൊല്ലത്തേക്കാണ് പണം കൊണ്ടുപോയത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ സുബാഷ് ചന്ദ്രബോസ്, തിരുകുമാർ, ജയദാസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബി.ജെ.പിയുടെ പ്രദേശിക നേതാവായ ഭരത് രാജുൾപ്പെട്ട സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. പണം തട്ടാൻ ഗൂഢാലോചന നടത്തിയ തിരുപ്പൂർ സതീഷ്, ദുരൈ അരസ് എന്നിവരെ പിടികൂടാനുണ്ട്. കൊല്ലം സ്വദേശിയായ അപ്പാസ് പാട്ടീലിന് കൈമാറാൻ കൊണ്ടുപോയ പണമാണ് തട്ടിയെടുത്തത്. എസ്.ഐ ബജിത് ലാൽ, സി.പി.ഒമാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവരാണ് പ്രതിയെ പിടികൂടിയത്.