ചിറകടിച്ച് വൈഷ്ണവിന്റെ ഡ്രോൺ കമ്പനി

Monday 28 July 2025 12:58 AM IST

കൊല്ലം: ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളോടായിരുന്നു കുഞ്ഞ് വൈഷ്ണവിന്റെ പ്രണയം. ആ കൗതുകമാണ് ഇരുപതാം വയസിൽ വൈഷ്ണവ് വിനോദിനെ പത്ത് ഡ്രോണുകൾ നിർമ്മിക്കാൻ പ്രാപ്തനാക്കിയത്. ഇതിൽ മൂന്നെണ്ണം ഗവേഷണ കമ്പനികൾക്ക് വിറ്റു.

കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഡ്രോൺ നിർമ്മാണം, വിപണനം, പരിശീലനം, സർവീസ്, ഗവേഷണം എന്നിവ ലക്ഷ്യമിട്ട് സ്വന്തം കമ്പനി തുടങ്ങനൊരുങ്ങുകയാണ് വൈഷ്ണവ്. 300 കിലോമീറ്റർ സഞ്ചരിക്കുന്ന ഡ്രോൺ, എ.ഐ സംവിധാനമുള്ള നാവിഗേഷൻ ഡ്രോൺ, സൈനികർക്കുള്ള ഡ്രോൺ എന്നിവ വികസിപ്പിക്കുകയാണ് വൈഷ്ണവും കൂട്ടുകാരും.

2024 ജൂണിലാണ് മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ വൈഷ്ണവിന്റെ ആദ്യ ഡ്രോൺ കൊട്ടിയം എസ്.എൻ. പോളിടെക്നിക് കോളേജിൽ നിന്ന് പറന്നുയർന്നത്. പഠനം പൂർത്തിയാക്കിയെങ്കിലും പോളിയിലെ ഗവേഷണ വിഭാഗത്തിൽ തുടർന്നു. 5 ജി, സാറ്റലൈറ്റ്, ഐ.ഒ.ടി, എക്സ്‌പ്രസ്, എൽ.ആർ.എസുൾപ്പെടുന്ന ഹൈബ്രിഡ് ആശയ വിനിമയ സംവിധാനത്തെപ്പറ്റിയും ഡ്രോണുകൾക്കുള്ള പുതിയ നിയന്ത്രണരീതിയെപ്പറ്റിയും ഗവേഷണം നടത്തി.

കൊട്ടാരക്കരയിൽ ക്രൈംബ്രാഞ്ച് എസ്.ഐ കുണ്ടറ കാഞ്ഞിരകോട് മംഗലശേരി വീട്ടിൽ വി. വിനോദിന്റെയും സിനിയുടെയും മകനാണ്. പ്ളസ് ടു വിദ്യാർത്ഥി ദേവിപ്രിയ സഹോദരി.

ചർച്ചയായി സൈനിക ഡ്രോൺ

 ഗവേഷണ ലോകത്ത് ചർച്ചയായി അഗ്രോ പ്രോബ് മൾട്ടി പർപ്പസ് ഡ്രോണുകൾ

 ഉത്പാദനച്ചെലവ് കുറച്ച് കൂടുതൽ ഫലപ്രദമായ രൂപകല്പന

 പല ഫ്രീക്വൻസിയിലുള്ള ആശയവിനിമയ സംവിധാനം

 ലോകത്തെവിടെ നിന്നും നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് മെഷീൻസ് സംവിധാനം

 ത്രീഡി പ്രിന്റിംഗ് ടെക്നോളജിക്കൊപ്പം ബാറ്ററികൾക്ക് 40 ശതമാനം അധികം കാര്യക്ഷമത

 ആകെ നിർമ്മിച്ച ഡ്രോൺ-10

 വിറ്റത്-3

 ഒരെണ്ണത്തിന്റെ വില- 1 ലക്ഷം

 ജീവിതം മാറ്റിയത് കൊട്ടിയം പോളിടെക്നിക്ക്

സ്കൂൾക്കാലത്ത് മാരത്തോണിലും സൈക്കിളിംഗിലുമായിരുന്നു മികവ്. പ്ളസ്ടു കഴിഞ്ഞ് കൊട്ടിയം പോളിടെക്നിക്കിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു. സ്വന്തമായി ഡ്രോൺ നിർമ്മിച്ചു. കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ്, ഗൈഡ് സനിൽകുമാർ, അദ്ധ്യാപകനായ എസ്. അനീഷ് എന്നിവരാണ് പ്രോത്സാഹനമേകിയത്.