ജിയോ ലോകത്തിലെ ഏറ്റവും വലിയ 5 ജി ടെലികോം ഓപ്പറേറ്റർ

Monday 28 July 2025 2:04 AM IST

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളിൽ മികച്ച വളർച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങൾ. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കിൽ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തിൽ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർദ്ധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പ്രതീക്ഷിച്ച വരുമാന വളർച്ചയേക്കാൾ കൂടുതലാണ് ഏപ്രിൽ-ജൂൺ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വർദ്ധനയ്ക്ക് ശേഷവും ലക്ഷക്കണക്കിന് ആളുകൾ വരിക്കാരായി എത്തി. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യൺ കവിഞ്ഞു.

എ.ആർ.പി.യു വരുമാനത്തിലെ വളർച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബർ നിരക്കും എബിറ്റ്ഡ വർദ്ധനയുമെല്ലാം വരും മാസങ്ങളിൽ ജിയോയ്ക്ക് വലിയ നേട്ടം നൽകുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യു.ബി.എസ് വിലയിരുത്തുന്നു.

ജിയോ ഉൾപ്പടെയുള്ള ടെലികോം, ഡിജിറ്റൽ ബിസിനസുകളുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തിൽ റിപ്പോർട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനമാണ് വർധന.

കമ്പനിയുടെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ ഇൻഫോകോം 23.2 ശതമാനം വർദ്ധനയോടെ അറ്റാദായം 6711 കോടി രൂപയിലേക്ക് എത്തിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 16.6 ശതമാനം വർദ്ധനയാണുണ്ടായത്.