അവശ്യ സേവനങ്ങൾക്ക് വാതിൽപ്പടി സംവിധാനവുമായി വയോജന നയം

Monday 28 July 2025 12:06 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തയ്യാറാക്കിയ വയോജന നയം 2025ന്റെ കരട് സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ചു. അവശ്യസേവനങ്ങൾ എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വഴി വാതിൽപ്പടി സേവന വിതരണ സംവിധാനമുൾപ്പെടെയുള്ള നിർദ്ദേശങ്ങളുണ്ട്. മുതിർന്ന പൗരന്മാർക്ക് ക്ഷേമവും അന്തസ്സും കരുതലും ഉറപ്പാക്കുന്ന നിരവധി പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

താഴ്ന്ന വരുമാനക്കാർക്ക് രോഗപ്രതിരോധം, ചികിത്സ, ദീർഘകാല പരിചരണം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സബ്സിഡി നിരക്കിൽ നടപ്പാക്കും. സാമൂഹിക സുരക്ഷാ പെൻഷൻ, റേഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലുള്ള പദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ഇതിലൂടെ ലഭ്യമാക്കും.

 36 വയസുമുതൽ സാംക്രമികേതര രോഗപരിശോധന നിർബന്ധമാക്കും. മറവിരോഗം, പാർക്കിൻസൺസ് രോഗം മുൻകൂട്ടി കണ്ടെത്തൽ, നാഡീവ്യൂഹ പരിശോധന എന്നിവയ്ക്ക് സൗകര്യമൊരുക്കും. പ്രതിരോധ കുത്തിവയ്പ് പദ്ധതി വികസിപ്പിക്കും.

 ജീവിതാന്ത്യ പരിചരണത്തിന് അഭയകേന്ദ്രങ്ങളും പരാശ്രയം കൂടാതെ ജീവിക്കാനാവാത്തവർക്ക് താത്കാലിക പരിചരണത്തിന് സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ വിശ്രമകേന്ദ്രങ്ങളും ഒരുക്കും.

 വയോജനങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ സംസ്ഥാന നിയമം കൊണ്ടുവരും. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കും.  സർക്കാർ ആശുപത്രികളിൽ വാർദ്ധക്യരോഗ ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കും. വിഷാദം, മറവി, ഏകാന്തത തുടങ്ങിയവയ്ക്ക് ചികിത്സാ പരിപാടികൾ ലഭ്യമാക്കും.

ആരോഗ്യ തിരിച്ചറിയൽ കാർഡ്, ഇഹെൽത്ത് സംവിധാനം, ടെലി മെഡിസിൻ, ആരോഗ്യ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കമായവർക്ക് പി.എച്ച്.സിയിലേക്ക് ഗതാഗത സൗകര്യം, ഇൻഷ്വറൻസ്, മുതിർന്നവരെ പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായം, ആരോഗ്യവാണിജ്യ കേന്ദ്രങ്ങളിലേക്ക് സൗഹൃദ സർക്കുലർ ബസ് സർവീസ്, നൈപുണ്യ പരിശീലനം, സബ്സിഡിയോടെ ഭവന നവീകരണ പദ്ധതി എന്നിവയും കരട് നയത്തിൽ ഉൾപ്പെടുന്നു.