വള്ളസദ്യനടത്തി ദേവസ്വം ബോർഡ്: പ്രതിഷേധം

Monday 28 July 2025 12:08 AM IST

കോഴഞ്ചേരി: പള്ളിയോട സേവാസംഘത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും പ്രതിഷേധങ്ങൾക്കിടെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ നടത്തി. ഭക്തരിൽ നിന്ന് 250 രൂപ വീതം വാങ്ങിയാണ് സദ്യ നടത്തിയത്. സദ്യാലയത്തിൽ നടന്ന സദ്യയിൽ 250 പേർ പങ്കെടുത്തു. വള്ളസദ്യക്കാലത്ത് എല്ലാ ഞായറാഴ്ചയും ഇത്തരത്തിൽ സദ്യ നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഭക്തരിൽ നിന്ന് പണം വാങ്ങി വള്ളസദ്യ എന്ന പേരിൽ സദ്യ നടത്തുന്നത് ആചാര ലംഘനമാണെന്ന് പള്ളിയോട സേവാസംഘം പറഞ്ഞു. കരക്കൂട്ടായ്മയായ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് വർഷങ്ങളായി ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടന്നുവരുന്നത്. ഇതുകൂടാതെയാണ് പണം വാങ്ങി ക്ഷേത്രത്തിൽ ദേവസ്വംബോർഡ് വക സദ്യ നടത്തുന്നത്.

വള്ളസദ്യ കച്ചവടമാക്കരുതെന്ന് ആവശ്യപ്പെട്ട് പള്ളിയോട സേവാസംഘവും വിവിധ സംഘടനകളും പ്രതിഷേധയോഗം നടത്തി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ, ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി സെക്രട്ടറി പി.ആർ.ഷാജി, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ട്രഷറർ രമേഷ് കുമാർ മാലിമേൽ തുടങ്ങിയവർ സംസാരിച്ചു.