റബറിന് ക്ഷാമം, വില കുതിക്കുന്നു
കോട്ടയം: മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് ക്ഷാമവുമായി. ഇതോടെ കുതിച്ചുയർന്ന് റബർ വില. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 213 രൂപയിലെത്തി. ചരക്കു ക്ഷാമവും ഡിമാൻഡ് കൂടുതലും കാരണം വ്യാപാരികൾ 215 വരെ നൽകി ഷീറ്റ് വാങ്ങി. ഒരു മാസത്തിനിടെ 11രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ, സാധാരണ കർഷകർക്ക് വില വർദ്ധനവിന്റെ പ്രയോജനമില്ല.
2024 ആഗസ്റ്റിൽ 255 രൂപ വരെ വില ഉയർന്ന ശേഷം ഒക്ടോബറോടെ 200ന് താഴെയായി. കഴിഞ്ഞ മാർച്ചിലാണ് 200 തൊട്ടത്. ജൂലായിൽ 210ൽ എത്തി. കാലവർഷം ശക്തി പ്രാപിക്കുന്നതിനൊപ്പം ഷീറ്റ് വില കുതിക്കുകയാണ്. അന്താരാഷ്ട്ര വില ബാങ്കോക്ക് 195 രൂപയാണ്. ആഭ്യന്തരവിലയുമായുള്ള അന്തരം 20 രൂപയെത്തുന്നത് ആദ്യമായാണ്.
ചരക്കുക്ഷാമമായതോടെ ഇറക്കുമതി ആവശ്യം ശക്തമായി. ഇപ്പോഴും മാസം 30000-40000 ടൺ ഷീറ്റ് ഇറക്കുമതിയുണ്ട്. കോമ്പൗണ്ട് റബർ 20000 ടൺ എത്തുന്നു. ചരക്ക് കൂടുതൽ ലഭ്യമാക്കണമെന്ന ടയർ കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചാൽ റബർ വില നിലംപൊത്തും. വൻകിട വ്യവസായികൾ ആഗ്രഹിക്കുന്നതും ഇതാണ്.
രാജ്യാന്തര വില
ചൈന - 176
ടോക്കിയോ -184
ബാങ്കോക്ക്-195
കറുത്തപൊന്നിന് പാരയായി അമേരിക്കൻ ചരക്കു നികുതി
കുരുമുളക് കഴിഞ്ഞ ആഴ്ച കിലോയ്ക്ക് മൂന്നു രൂപ കുറഞ്ഞു. മസാല കമ്പനികളിൽ നിന്ന് ഡിമാൻഡില്ല. മഴ കൂടിയതിനാൽ പറിച്ചെടുത്ത കുരുമുളക് ഉണക്കാൻ സാധാരണ കർഷകർക്ക് കഴിയുന്നില്ല . ഉത്തരേന്ത്യയിൽ പൂജ, ദീപാവലി സീസണിലാണ് ഇനി പ്രതീക്ഷ. ഇറക്കുമതി കുരുമുളക് വൻ തോതിൽ വിപണിയിൽ എത്തുന്നത് ഭീഷണിയാണ്.
വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിക്ക് 46 ശതമാനവും ബ്രസീലിൽ നിന്ന് 30 ശതമാനവും ഇന്തോനേഷ്യയിൽ നിന്ന് 26 ശതമാനവും ചുങ്കമാണ് അമേരിക്ക ആവശ്യപ്പെട്ടത്. ഇതോടെ അന്താരാഷ്ട വിപണിയിൽ പ്രതിസന്ധിയായി. വിയറ്റ്നാം 400 ഡോളറും മറ്റ് ഉത്പാദക രാജ്യങ്ങൾ 100 ഡോളറും കുറച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യൻ കയറ്റുമതിക്കാരും 100 ഡോളർ കുറച്ചു.