വിവാദ അഭിമുഖം നൽകി കുടുങ്ങി; ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ #ചാടുമെന്ന് ഗോവിന്ദച്ചാമി പറഞ്ഞെന്ന് പരാമർശം
തിരുവനന്തപുരം: ജയിൽ വകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തി മാദ്ധ്യമങ്ങൾക്ക് തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഐ.അബ്ദുൾ സത്താറിനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സ്വകാര്യ ചാനലിന് അഭിമുഖം നൽകിയിരുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജയിൽ ചാടിയാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ എത്തി ആദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി തുടങ്ങിയ പരാമർശങ്ങളാണ് നടപടിയിലേക്ക് നയിച്ചത്.
പരാമർശങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിയതായും ഉത്തരവിൽ പറയുന്നു. കോയമ്പത്തൂരിൽ ചില ശ്മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ട്. അത് കൈകാര്യം ചെയ്യുന്ന ആൾക്കാരാണ് ഗോവിന്ദചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നത്. ഗോവിന്ദചാമി പല സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. വധിക്കേണ്ടതായിരുന്നു. തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ ആരാച്ചാർ ആകാൻ തയ്യാറാണ് എന്നിങ്ങനെയുള്ള പരാമർശങ്ങളും നടത്തിയിരുന്നു.
അബ്ദുൾ സത്താറിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അവയിൽ അന്വേഷണം നടന്നുവരികയാണെന്നും ഉത്തരവിലുണ്ട്.
ലഹരിക്കേസ് പ്രതിയുടെ
ചെലവിൽ വിനോദയാത്ര
ലഹരിക്കേസ് പ്രതിയുടെ പിതാവിന്റെ ചെലവിൽ കുടുംബസമേതം വിനോദയാത്ര നടത്തിയെന്ന ആരോപണത്തിൽ അബ്ദുൾ സത്താറിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി. എം.ഡി.എം.എ കേസിൽ റിമാൻഡിലുള്ള തടവുകാരന്റെ പിതാവിനെക്കൊണ്ടു ഡൽഹി യാത്രയ്ക്കു ട്രെയിൻ ടിക്കറ്റ് എടുപ്പിച്ചെന്ന വിവരം ജയിൽ ആസ്ഥാനത്തു ലഭിച്ചു.
കൊല്ലം പൂയപ്പള്ളി സ്വദേശിയായ തടവുകാരനെ സന്ദർശിക്കാൻ എത്തിയ പിതാവിനെ സമ്മർദം ചെലുത്തി ടിക്കറ്റ് എടുപ്പിച്ചെന്നായിരുന്നു ആരോപണം. ഇദ്ദേഹത്തിന്റെ ആധാർ രേഖ ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തത്.
അടിപിടിക്കേസിൽ കൊട്ടാരക്കര ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ പുനലൂർ സ്വദേശിയായ മറ്റൊരു പ്രതിയുമായി ഇതേ ഉദ്യോഗസ്ഥൻ ബോട്ടിൽ കടൽയാത്ര നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പുനലൂർ ചെമ്മന്തൂരിൽ പ്രതിയുടെ സഹായത്തോടെ ഉദ്യോഗസ്ഥൻ ബിനാമി ഇടപാടിൽ മീൻകട തുടങ്ങിയെന്നും ആരോപണമുണ്ട്.ഇവയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.