കണ്ടാല്‍ ഭയം തോന്നിപ്പിക്കും; പിടികൂടാനുള്ള ശ്രമത്തിനിടെ കവിളില്‍ പിടുത്തമിട്ട് പെരുമ്പാമ്പ്

Sunday 27 July 2025 11:21 PM IST

നേരില്‍ കാണുന്നത് പോലും ഇഷ്ടമല്ലാത്ത ജീവികളുടെ കൂട്ടത്തില്‍ ഭൂരിപക്ഷം മനുഷ്യരും ആദ്യം പറയുക പാമ്പുകളുടെ പേരായിരിക്കും. എന്നാല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ വളരെയധികമായി കാണപ്പെടുന്ന ജീവികള്‍ കൂടിയാണിവ. നമ്മുടെ ചുറ്റിലും നിരവധി സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സും (പാമ്പു പിടുത്തക്കാര്‍) സജീവമാണ്. രാജവെമ്പാല മുതല്‍ ചേരയെ വരെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പാമ്പുകളും മനുഷ്യരും ഒരുമിച്ച് നിലനില്‍ക്കുന്ന ഒരു ആവാസ വ്യവസ്ഥ വളരെ അത്യാവശ്യമാണ്.

അതുകൊണ്ട് തന്നെ സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സിന് വളരെ നിര്‍ണായകമായ റോളുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വീഡിയോ ഒരു പാമ്പിന്റെ ആക്രമണത്തിന് ഒരു സ്‌നേക്ക് റെസ്‌ക്യൂവര്‍ ഇരയാകുന്നതാണ്. ആക്രമണം എന്ന് പറഞ്ഞാല്‍ കാണുമ്പോള്‍ തന്നെ ഭയം തോന്നുന്ന സംഭവങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. പെരുമ്പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്ന ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു അപകടം. ഏതാണ്ട് 40 സെക്കന്റോളം പാമ്പ് അദ്ദേഹത്തിന്റെ കവിളില്‍ നിന്നും പിടിവിടാതിരുന്നു. ഒടുവില്‍ പാമ്പിന്റെ കഴുത്തിന് പിടിച്ചാണ് അതിന്റെ കടിയില്‍ നിന്നും റെസ്‌ക്യൂവര്‍ രക്ഷപ്പെട്ടത്. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ സംഭവം എപ്പോള്‍ എവിടെ നടന്നുവെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ല.

മദ്ധ്യവയ്കനായ ഒരാള്‍ കൈയുറ ധരിച്ച് പാമ്പിന്റെ പിടികൂടാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ഏവരെയും അമ്പരപ്പിച്ച് പാമ്പ് ഉയര്‍ന്നു ചാടുന്നത് കാണാം. പാമ്പ് ഉയരുമ്പോള്‍ തന്നെ റെസ്‌ക്യൂവറും പിന്നിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് ഇയാളുടെ കവിളില്‍ പിടുത്തമിടുകയാണ്.