മഴക്കെടുതിയിൽ 107 വീടുകൾ തകർന്നു
പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ രണ്ടു വീടുകൾ പൂർണമായും 105 വീടുകൾ ഭാഗികമായും തകർന്നു. പമ്പ, അച്ചൻ കോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കാലാവസ്ഥ പ്രതികൂലമായതോടെ കാർഷിക മേഖലയിൽ ഉൾപ്പടെ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. റാന്നി താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കോന്നി 19, അടൂർ 12, കോഴഞ്ചേരി എട്ട്, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 18 വീതവും വീടുകളാണ് തകർന്നത്.
തിരുവല്ല താലൂക്കിൽ എട്ടും അടൂരിൽ രണ്ടും ഉൾപ്പെടെ ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ 39 കുടുംബങ്ങളിലെ 48 പുരുഷൻമാരും 59 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടെ 139 പേരാണ് കഴിയുന്നത്. തിരുമൂലപുരം എസ്.എൻ.വി.എസ്, കവിയൂർ പടിഞ്ഞാറ്റുംശേരി സർക്കാർ എൽ.പി.എസ്, മുത്തൂർ സർക്കാർ എൽ.പി.എസ്, ആലംതുരുത്തി സർക്കാർ എൽ.പി.എസ്, തിരുവല്ല ഡയറ്റ്, മാരാമൺ എം.എം.എ.എച്ച്.എസ്, മേപ്രാൽ സെന്റ് ജോൺസ് എൽ.പി.എസ്, തുകലശേരി സി.എം.എസ്.എച്ച്.എസ്.എസ്, പന്തളം മുടിയൂർക്കോണം എംടിഎൽപിഎസ്, ചേരിക്കൽ എസ്എൻഎൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.
പമ്പാ ഡാമിൽ ജലനരപ്പ് ഉയരുന്നു
പമ്പാ ഡാമിലെ ജലനിരപ്പ് 982 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ സംഭരണിയിലെ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി വിടാൻ സാദ്ധ്യതയുള്ളതിനാൽ പമ്പാനദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് 983.5 മീറ്റർ എത്തിയാൽ പൊതുജനങ്ങൾക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകും. ജലനിരപ്പ് 984.5 മീറ്ററിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ പൂർണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.