കാലിടറി ജില്ലയിലെ പ്ലാന്റേഷൻ മേഖല

Sunday 27 July 2025 11:43 PM IST

കോന്നി: വരുമാനത്തകർച്ചയിലൂടെ കടന്നുപോവുകയാണ് ജില്ലയിലെ പ്ലാന്റേഷൻ മേഖല. സംസ്ഥാനത്തും ഈ മേഖല പ്രതിസന്ധിയിലാണ്. 20,000 രൂപ മുതൽ 22,000 കോടി വരെ നേരത്തെ വരുമാനം നേടിയിരുന്ന സംസ്ഥാനത്തെ തോട്ടം മേഖല ഇപ്പോൾ 15,000 കോടി രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്. ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളും ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടങ്ങളും എ വി ടി യുടെ തോട്ടങ്ങളും ഈ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ 14 വർഷങ്ങളായി റബർ വില ഇടിഞ്ഞുനിൽക്കുന്നത് തോട്ടം മേഖലയിലെ പ്രധാന പ്രതിസന്ധിക്ക് കാരണമായി. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ജില്ലയിലെ തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ നാശാവസ്ഥയിലാണ്. മുമ്പ് തേയില കൃഷി ചെയ്തിരുന്ന ജില്ലയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടങ്ങളിൽ ഇന്ന് തേയില കൃഷി ഇല്ല.

സംസ്ഥാനത്തെ തോട്ടം മേഖലയ്ക്ക് പ്രധാന തിരിച്ചടിയായത് ഇറക്കുമതി വർദ്ധനയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യ അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. റബർ ഇറക്കുമതി കൂടിയതാണ് മുഖ്യ തിരിച്ചടി. മെയ്ക്ക് ഇൻ ഇന്ത്യ പോലെ ഗ്രോ ഇന്ത്യ കാമ്പയിനുകളും തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി വേണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. നിലവിൽ തോട്ടം മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മരുന്ന് തളിക്കുന്നത് മുതൽ വിൽപന വരെ നീളുന്നു ഇത്. ഉത്പാദനച്ചെലവ് കുറയ്ക്കാനും നിലവാരവും ഉത്പാദനവും മെച്ചപ്പെടുത്താനും ഡേറ്റ ശേഖരണം കുറ്റമറ്റതാക്കാനും ഇതു സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ.

പഠനം നടത്തി

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സർക്കാർ ഈ വർഷം കട്ടപ്പനയിൽ

തോട്ടം ഉടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും പ്ലാന്റേഷൻ മീറ്റ് വിളിച്ചുചേർത്തിരുന്നു. കാപ്പി, തേയില തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളായിരുന്നു തോട്ടം ഉടമകളും തൊഴിലാളി പ്രതിനിധികളും പ്രധാനമായി അവതരിപ്പിച്ചത്. പ്ലാന്റേഷൻ ഡയറക്ടറേറ്റ് ആരംഭിച്ചതോടെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പ്രത്യേകം പഠിക്കുന്നതിന് കോഴിക്കോട് ഐ.ഐ.എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. ഐ.ഐ.എം വിശദമായ പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധിക്ക് കാരണം

തോട്ടം മേഖലയ്ക്ക് പ്രധാന തിരിച്ചടിയായത് ഇറക്കുമതി വർദ്ധനയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യ അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. റബർ ഇറക്കുമതി കൂടിയതാണ് മുഖ്യ തിരിച്ചടി. 14 വർഷമായി റബർ വില ഇടിഞ്ഞുനിൽക്കുന്നതും തോട്ടം മേഖലയിലെ പ്രധാന പ്രതിസന്ധിക്ക് കാരണമായി.