പാലക്കാട് ജില്ലയിലെ ഡാമുകൾ നിറയുന്നു

Monday 28 July 2025 1:43 AM IST
ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയ മലമ്പുഴ ഡാം.

പാലക്കാട്: മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയിൽ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മീങ്കര ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 94 ശതമാനമാണ് ഡാമിലെ വെള്ളം. മലമ്പുഴ ഡാമിൽ ജലനിരപ്പ് 112.04 മീറ്റർ ആയി ഉയർന്നു. എല്ലാ സ്പിൽവെ ഷട്ടറുകളും ഇതിനോടകം അഞ്ച് സെന്റീമീറ്റർ തുറന്നിട്ടുണ്ട്. പറമ്പിക്കുളം അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പെത്തിയ പോത്തുണ്ടി ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയോട് ചേർന്നുള്ള ആളിയാർ ഡാമിന്റെ 11 ഷട്ടറും ശനിയാഴ്ച 12 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെ പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴയോട് ചേർന്ന് താഴ്ന പ്രദേശങ്ങളിൽ വസിക്കുന്ന ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്:

ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലസംഭരണ നില ക്രമത്തിൽ

 കാഞ്ഞിരപ്പുഴ - 96.16 മീറ്റർ, 97.50 മീറ്റർ (3 സ്പിൽവേ ഷട്ട‌ർ 20 സെ.മീ തുറന്നു)

 മലമ്പുഴ - 112.33 മീറ്റർ, 115.06 മീറ്റർ (എല്ലാ സ്പിൽവേ ഷട്ടറും 5 സെ.മീ തുറന്നു)

 മംഗലം- 77.00 മീറ്റർ, 77.88 മീറ്റർ (എല്ലാ സ്പിൽവേ ഷട്ടറും 20 സെ.മീ തുറന്നു)

 പോത്തുണ്ടി- 107.34 മീറ്റർ, 108.204 മീറ്റർ (എല്ലാ സ്പിൽവേ ഷട്ടറും 6 സെ.മീ തുറന്നു)

 മീങ്കര- 156.15 മീറ്റർ, 156.36 മീറ്റർ ( 2 സ്പിൽവേ ഷട്ടറും 5 സെ.മീ തുറന്നു)

 ചുള്ളിയാർ - 153.67 മീറ്റർ, 154.08 മീറ്റർ (എല്ലാ സ്പിൽവേ ഷട്ടറും 5 സെ.മീ തുറന്നു)

 വാളയാർ - 201.86 മീറ്റർ, 203 മീറ്റർ.

 മൂലത്തറ റെഗുലേറ്റർ - 181.70 മീറ്റർ, 186 മീറ്റർ ( 7 ഷട്ടറും 50 സെ.മീ തുറന്നു)

 ശിരുവാണി - 876.41 മീറ്റർ, 878.5 മീറ്റർ (ഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ 100 സെ.മീ തുറന്നു)