പി. എം റോഡ് നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് അന്വേഷണം കാണാമറയത്ത്

Sunday 27 July 2025 11:44 PM IST

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ പാത നിർമ്മാണത്തിൽ അഴിമതി നടന്നെന്ന ആരോപണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണം നാലാം വർഷത്തിലും പൂർത്തിയായില്ല. 2021 നവംബറിലാണ് അഴിമതി നടന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ വിജിലൻസിന് നൽകിയത് . വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി വ്യക്തമായിരുന്നു. പ്ളാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിലെ നിർമ്മാണത്തിലെ അഴിമതിയാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പിയാണ് പാത നിർമ്മാണം ആരംഭിച്ചത്.

സർക്കാർ ഭൂമിയിൽ ഉണ്ടായിരുന്ന കല്ലും മണ്ണും സൗജന്യമായി ലഭിച്ചത് മറച്ചുവച്ച് അവ ദൂരസ്ഥലങ്ങളിൽ നിന്നു വില കൊടുത്തു വാങ്ങിയെന്ന് രേഖകൾ ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. പാതയ്ക്ക് വീതി കൂട്ടാനായി കുന്ന് ഇടിച്ചതിലൂടെ ലോഡുകണക്കിന് മണ്ണാണ് അധികം വന്നത്. ഈ മണ്ണ് ഉപയോഗിച്ച് നിർമ്മാണ കമ്പനി ഏക്കറുകണക്കിന് വയലുകൾ നികത്തി. പഴവങ്ങാടി വില്ലേജിൽ മാത്രം മൂന്നേക്കർ വയൽ നികത്തി. പല സ്ഥലങ്ങലിലും കലുങ്കുകൾ നിർമ്മിക്കുന്നതിന് പകരം ഒാടകൾ മണ്ണിട്ട് നികത്തി. കലുങ്ക് നിർമ്മാണത്തിനെന്ന പേരിൽ ലക്ഷങ്ങൾ നേടിയെടുത്തു. റാന്നി ഉതിമൂട്ടിൽ കനാൽ പാലമുള്ള ഭാഗത്ത് നിർമ്മാണത്തിലെ അപാകത കാരണം ഉയരമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.

പ്രധാന പരാതികൾ

@ പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത സ്ഥലം വീതി കുറച്ച് നിർമ്മിച്ചു. 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിലാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഈ സ്ഥലം റോഡിനുവേണ്ടി പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലത്തും വീതി 10 മീറ്ററിൽ താഴെയാണ്. ഇക്കാര്യം ടേപ്പ് ഉപയോഗിച്ച് അളന്ന് വ്യക്തമാക്കിയതാണ്.

@ ബി.എം - ബി.സി നിലവാരത്തിൽ 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയാണ് നിർമ്മാണ വേളയിൽ ചെലവ് കണക്കാക്കിയിരുന്നത്. ഇവിടെ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 15 കോടി വരെ ചെലവായതായി പരാതിക്കാരൻ വിജിലൻസിനെ ധരിപ്പിച്ചിരുന്നു.

@ പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 9.10 കോടി രൂപ അധികം നൽകി. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോമീറ്റർ ഭാഗത്ത് സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പാറയും മണ്ണും കരാറുകാരൻ സൗജന്യമായി റോഡുനിർമ്മാണത്തിന് ഉപയോഗിച്ചു. ഇവ ഉപയോഗിച്ച് നിർമ്മിച്ച പാർശ്വഭിത്തികൾക്ക് 45.6 കോടിയാണ് കരാറുകാരൻ ഈടാക്കിയത്. കൂടാതെ കല്ലും മണ്ണും നീക്കിയ ജനത്തിൽ 7.5 കോടി വേറെയും വാങ്ങി.

500 കോടിയുടെ അഴിമതി ആരോപണം

----------------

റോഡ് നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകി. അഞ്ഞൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. തെളിവുകൾ സഹിതമാണ് വിജലൻസിന് പരാതി നൽകിയിരുന്നത്. നാല് വർഷമായിട്ടും നടപടിയുണ്ടായില്ല.

അനിൽ കാറ്റാടിക്കൽ, പരാതിക്കാരൻ