വിള ആരോഗ്യ പരിപാലന കേന്ദ്രവുമായി പ്രമാടം

Sunday 27 July 2025 11:45 PM IST

പ്രമാടം : കാർഷിക വിളകളുടെ വളർച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിള ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങി. വിള പരിപാലനം, രോഗ- കീടനാശി നിയന്ത്രണം, മണ്ണ് സംരക്ഷണം, ജലസേചനം, വളപ്രയോഗം , കള നിയന്ത്രണം എന്നിവയെല്ലാം ഈ കേന്ദ്രത്തിന്റെ പരിധിയിൽ വരും. കാർഷിക വിളകളുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയിൽ രണ്ട് ദിവസം ഇനി മുതൽ ഇവിടെ ലഭിക്കും. വിളകൾക്ക് രോഗബാധയും അനുബന്ധ പ്രതിസന്ധികളും കാരണം ബുദ്ധിമുട്ടുന്ന കർഷകർക്ക് ഈ കേന്ദ്രം ഏറെ പ്രയോജനപ്പെടും.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തങ്കമണി, വി. ശങ്കർ, ജയകൃഷ്ണൻ, ജില്ലാ കൃഷി ഓഫീസർ ഷേർലി സക്കറിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി വർഗീസ്, പ്രമാടം കൃഷി ഓഫീസർ ജെ. ആരതി, അസി. കൃഷി ഓഫീസർ അജീഷ് കുമാർ, പ്രകാശ് കുമാർ, രാജൻ പടിയറ, ബിന്ദു അനിൽ എന്നിവർ പ്രസംഗിച്ചു.

ക‌ർഷക ക്ഷേമം ലക്ഷ്യം

1 . വിള പരിപാലന കേന്ദ്രം കർഷകർക്ക് അവരുടെ വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും വരുമാനം കൂട്ടാനും സഹായകരമാണ്. വിളകളുടെ ക്രമീകരണം, വിളകളുടെ തിരഞ്ഞെടുപ്പ്, വിത്ത് പരിപാലനം, ജലസേചനം, വളപ്രയോഗം, കള നിയന്ത്രണം എന്നിവ സംബന്ധിച്ച് ബോധവത്കരണം നൽകും.

2. വിളകളെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കും. മണ്ണ് സംരക്ഷണത്തിലൂടെ വിളകളെ ഫലഭൂയിഷ്ഠമായി നിലനിറുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ആവശ്യമായ കാര്യങ്ങൾ നിർദ്ദേശിക്കും. ഇതിൽ വിളകളുടെ ക്രമീകരണം, മണ്ണുപരിശോധന, വളപ്രയോഗം, ജലസംരക്ഷണം എന്നിവയും ഉൾപ്പെടും.

3. വിളകൾക്ക് തുള്ളി നന, സ്പ്രിംഗ്ലർ നന എന്നിവയിൽ ബോധവത്കരണം നടത്തും. ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണവും ശാസ്ത്രീയമായ നിർദ്ദേശങ്ങളും നൽകും..