വനിതാ ചെസ് ലോകകപ്പ് ഫൈനൽ : രണ്ടിലൊന്ന് ഇന്നറിയാം
ഫൈനലിന്റെ രണ്ടാം ഗെയിമിലും ഹംപിയും ദിവ്യയും സമനിലയിൽ പിരിഞ്ഞു
ഇന്ന് ടൈബ്രേക്കർ
ബാത്തുമി : ഇന്ത്യയിലേക്ക് ആദ്യമായി വനിതാ ചെസ് ലോകകപ്പ് കിരീടം ആരാണ് കൊണ്ടുവരികയെന്ന് അറിയാനുള്ള ആകാംക്ഷ ഇന്നത്തേക്കുകൂടി നീട്ടി കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കുക. ജോർജിയയിലെ ബാത്തുമിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടൈബ്രേക്കർ തുടങ്ങുക.
ടൈബ്രേക്കർ ഇങ്ങനെ
റാപ്പിഡ് ഫോർമാറ്റിൽ 15 മിനിട്ട് വീതമുള്ള രണ്ട് ഗെയിമുകളാണ് ടൈബ്രേക്കറിൽ ആദ്യം. ഇതിൽ വിജയിച്ചാൽ ഒരു പോയിന്റ്. സമനിലയ്ക്ക് അരപോയിന്റ്. ആദ്യം ഒന്നരപോയിന്റിൽ എത്തുന്നയാൾക്ക് കിരീടം.
ആദ്യ രണ്ട് ഗെയിമുകളും സമനിലയായാൽ 10 മിനിട്ട് വീതമുള്ള രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി.
ഇതിലും വിജയിയെ കണ്ടെത്താനായില്ലെങ്കിൽ 5 മിനിട്ട് വീതമുള്ള രണ്ട് ബ്ളിറ്റ്സ് ഗെയിമുകൾ കളിക്കണം.
ഇതിലും സമനിലയെങ്കിൽ മൂന്ന് മിനിട്ടുള്ള ഒരു ബ്ളിറ്റ്സ് ഗെയിം. ഇതിൽ ജയിക്കുന്നയാൾക്ക് കിരീടം. സമനിലയെങ്കിൽ ആരെങ്കിലും ഒരാൾ ജയിക്കുന്നത് വരെ മൂന്ന് മിനിട്ട് ബ്ളിറ്റ്സ് ഗെയിം തുടരും.
റാപ്പിഡിൽ കേമി ഹംപി
ടൈബ്രേറിന്റെ ഫോർമാറ്റുകളായ റാപ്പിഡിലും ബ്ളിറ്റ്സിലും ഹംപിയാണ് കൂടുതൽ മിടുക്കി. കഴിഞ്ഞ ഡിസംബറിൽ ന്യൂയോർക്കിൽ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഹംപി റാപ്പിഡിൽ രണ്ട്തവണ ലോക വനിതാ ചാമ്പ്യനാകുന്ന രണ്ടാമത്തെ മാത്രം താരവുമാണ്. കരിയറിലുടനീളം റാപ്പിഡ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2012ൽ മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. 2019ൽ റാപ്പിഡിലെ ലോക ചാമ്പ്യനായി. 2023ൽ ഉസ്‌ബക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി.
34-ാം നീക്കത്തിൽ സമനില
പ്രബോധ് ചങ്ങനാശ്ശേരി
34 നീക്കങ്ങൾക്ക് ശേഷമാണ് ഇന്നലെ ഇരുവരും സമനില സമ്മതിച്ച് കൈകൊടുത്തത്.ഹംപിയാണ് ഇന്നലെ വെള്ളക്കരുക്കൾകൊണ്ട് കളി തുടങ്ങിയത്. അപൂർവ്വമായ ഇംഗ്ലീഷ് ഓപ്പണിംഗ്, അജിൻ കോർട്ട് ഡിഫൻസിലേക്ക് മത്സരം രൂപാന്തരപ്പെട്ടു. 2018 ൽ മുൻ ലോക ചാമ്പ്യന്മാരായ വ്ലാഡിമിർ ക്രാനിംക്കും ഡിംഗ് ലിറനും തമ്മിലുള്ള മത്സരത്തിൽ ഈ ഓപ്പണിംഗ് കണ്ടിട്ടുണ്ട്. 14 നീക്കത്തിന് ഹംപി കൂടുതൽ സമയം ചെലവഴിച്ചു. മിഡിൽ ഗെയിമിൽ ദിവ്യക്ക് രണ്ടു നൈറ്റും ഹംപിക്ക് രണ്ട് ബിഷപ്പു മാണ് കൈവശമുണ്ടായിരുന്നത്. 17 നീക്കത്തെ തുടർന്ന് ഇരുവരും റൂക്കുകൾ എക്സ്ചേയ്ഞ്ച് ചെയ്തു. 20-ാം നീക്കത്തിൽ ക്വീൻ വെട്ടിമാറ്റാൻ വേണ്ടി ദിവ്യ ശ്രമിച്ചു.പക്ഷേ ഹംപി ഒഴിഞ്ഞുമാറി. 23-ാം നീക്കത്തിൽ ഹംപി ഒരു പോൺ ബലികഴിച്ച് ബിഷപ്പ് -ക്വീൻ കോമ്പിനേഷൻ അറ്റാക്കിന് ശ്രമിച്ചു. ഹംപിയുടെ കറുത്ത ബിഷപ്പ് വളരെ ആക്ടിവ് ആയിരുന്നു. 30-ാം നീക്കത്തിൽ ഹംപി നഷ്ടപ്പെട്ട പോൺ തന്ത്രപരമായി തിരിച്ചെടുത്ത് കരുക്കൾ ഇരുവർക്കും ഒരു പോലെയാക്കി.