തോരാതെ മഴ; ടാപ്പിംഗ് തൊഴിലാളികൾ മുഴു പട്ടിണിയിൽ

Monday 28 July 2025 12:18 AM IST

കാളികാവ്: ഇക്കുറി നേരത്തെയെത്തിയ കാലവർഷം തോരാതെ മൂന്നു മാസം പെയ്തതോടെ മുഴുപട്ടിണിയിലായി ടാപ്പിംഗ് തൊഴിലാളികൾ. കാലവർഷം നേരത്തെ എത്തിയതിനാൽ റബർ മരങ്ങൾക്ക് റെയിൻ ഗാർഡിംഗ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതാണ് കടുത്ത തൊഴിൽ നഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വെറും മൂന്നു ദിവസം മാത്രമാണ് മലയോര മേഖലയിൽ ഭാഗികമായി മഴ മാറി നിന്നത്. ടാപ്പിംഗ് മേഖലയിൽ ഇത്രയേറെ തൊഴിൽ നഷ്ടമുണ്ടായ കാലം ഇതിനു മുമ്പുണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം ഇക്കാലത്ത് ഉത്പാദിപ്പിച്ചിരുന്ന റബറിന്റെ 25 ശതമാനം പോലും ഇപ്പോൾ ഉത്‌പാദനം നടക്കുന്നില്ല. റബർ ടാപ്പിംഗ് നടക്കാത്തതാണ് കാരണം. വൻകിട എസ്റ്റേറ്റുകളിൽ മാത്രമാണ് ഉത്‌പാദനം നടക്കുന്നത്. വൻകിട എസ്റ്റേറ്റുകാർ മേയ് ആദ്യ വാരം തന്നെ റെയിൻ ഗാർഡ് സ്ഥാപിച്ചതാണ് ഗുണമായത്.

മഴക്കാലം തുടങ്ങും മുമ്പുതന്നെ കടുവാ ഭീഷണി കാരണം തോട്ടങ്ങൾ അടച്ചിട്ടിരുന്നു. റബർ ഉത്പാദനം ഇല്ലാത്തത് കർഷകർക്ക് വൻ വരുമാന നഷ്ടമുണ്ടാക്കിയെങ്കിലും പട്ടിണിയിലായത് തൊഴിലാളികളാണ്.

കഷ്ടപ്പാടേറെ

  • ദിവസക്കൂലി പരമാവധി 500 രൂപ ലഭിക്കുന്ന വിഭാഗമാണ് ടാപ്പിംഗുകാർ.ഇത് കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ചെലവുകൾ നടക്കുന്നത്.
  • കഴിഞ്ഞ മൂന്നുമാസമായി ഒരുരൂപ പോലും ലഭിക്കാത്ത അവസ്ഥയുള്ളവരേറെയാണ്. കിട്ടാവുന്നത്ര കടവും ഉള്ളത് മുഴുവൻ പെറുക്കി വിറ്റുമാണ് ഇതുവരെ പിടിച്ചു നിന്നത്.
  • മഴ പൂർണ്ണമായും മാറി നിന്ന് നന്നായി വെയിൽ കിട്ടിയാലേ ഇനി ടാപ്പിംഗ് പുനരാരംഭിക്കാനാവൂ.
  • ഇനി റബർ മരങ്ങൾക്ക് ഗാർഡിംഗ് നടത്താൻ ഉടമകൾ തയ്യാറാവില്ല. ഒരു മരത്തിന് നാൽപ്പത് രൂപ ചെലവു വരും. ഇനിയുള്ള രണ്ടുമാസങ്ങൾക്ക് ഈ തുക മുടക്കിയാൽ നഷ്ടമാവും.
  • മത്സ്യതൊഴിലാളികൾക്കും മറ്റും അനുവദിക്കുന്നത് പോലുള്ള ക്ഷാമബത്ത വറുതിയുടെ മാസങ്ങളിൽ ടാപ്പിംഗ് തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ചോക്കാട്, കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിൽ മാത്രം മുവ്വായിരത്തിലധികം കുടുംബങ്ങൾ റബർ ടാപ്പിംഗ് തൊഴിലാളികളായി ഉണ്ടാകും. ഈ കുടുംബങ്ങളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണം. സൗജന്യ റേഷൻ അനുവദിക്കുന്നത് പരിഗണിക്കണം.

തൊഴിലാളി യൂണിയനുകൾ