എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

Monday 28 July 2025 12:19 AM IST

വണ്ടൂർ: വിൽപ്പനയ്ക്കായി കൊണ്ടുപോവുന്നതിനിടെ എം.ഡി.എം.എയുമായി പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ് (30)​, അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ഷാഹുൽ ഹമീദ് (20)​ എന്നിവരെ വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടിന് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി. തുടർന്ന് സാഹസികമായാണ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക്ക് ത്രാസുകൾ, എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3,​500 രൂപ നിരക്കിലാണ് പ്രതികൾ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിനെതിരെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് രണ്ട് കേസുണ്ട്. വണ്ടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ആർ.സജി, സി.പി.ഒ കെ.പി.വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.