അധികൃതരോട് പറഞ്ഞു മടുത്തു റോഡ് നന്നാക്കാൻ ഒടുവിൽ നാട്ടുകാർ ഇറങ്ങി
Monday 28 July 2025 12:22 AM IST
ചങ്ങരംകുളം : നാട്ടിലെ പ്രധാന റോഡുകളെല്ലാം തകർന്ന് തരിപ്പണമായി മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാതിരുന്നതോടെ യുവാക്കൾ രംഗത്തിറങ്ങി. ആലങ്കോട് പഞ്ചായത്തിലെ പന്താവൂർ കക്കിടിക്കൽ കുന്നത്തപ്പള്ളി റോഡാണ് യുവാക്കളുടെ ശ്രമദാനത്തിലൂടെ യാത്രായോഗ്യമാക്കിയത്. ആഴമുള്ള കുഴികളും പൈപ് ലൈനിനു കുഴിയെടുക്കാൻ പൊളിച്ചിട്ട റോഡും ചേർന്ന് വാഹന യാത്ര ദുസ്സഹമാണ് മിക്ക പ്രദേശത്തും. മഴ നിറുത്താതെ പെയ്യുന്നത് കാരണം നിരവധി വാഹന യാത്രികർ അപകടത്തിൽ പെടുന്നത് പതിവാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിട്ടും ഒന്നും ശരിയാവുന്ന മട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളായ മൻസൂർ, ഇബ്രാഹിംകുട്ടി, സിദ്ദീഖ്, കബീർ, മനാഫ്, മസ്ഊദ് എന്നിവർ നേതൃത്വം നൽകി