കരിപ്പൂ‌ർ റെസ നിർമ്മാണം പുരോഗമിക്കുന്നു; മൂന്ന് മാസം അധിക സമയമാവശ്യപ്പെട്ട് കരാർ കമ്പനി

Monday 28 July 2025 12:27 AM IST

മലപ്പുറം: കാലവർഷം കണക്കിലെടുത്ത് കരിപ്പൂർ വിമാനത്താവളത്തിന്റെ റെസ (റൺവെ എൻഡ് സുരക്ഷാ ഏരിയ) ദീർഘിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ മൂന്ന് മാസത്തെ അധിക സമയം ആവശ്യപ്പെട്ട് നിർമ്മാണ കമ്പനി. കാലവർഷം ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിറുത്തിവച്ചതിനാൽ നിലവിൽ മണ്ണെടുക്കൽ പ്രവർത്തനങ്ങളും റെസ മണ്ണിട്ടുയർത്തുന്ന പണികളും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ഇതുവരെ റെസ നിർമ്മാണത്തിന്റെ 22 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു. മണ്ണിട്ട് ഉയർത്തൽ പ്രവൃത്തികൾ നിറുത്തിവച്ചെങ്കിലും പ്രദേശത്തോട് ചേർന്നുള്ള ചുറ്റുമതിൽ നിർമ്മാണവും മറ്റ് അനുബന്ധപ്രവൃത്തികളും തുടരുകയാണ്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണച്ചുമതല. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ അവസാനം ചേർന്ന യോഗത്തിൽ നിർമ്മാണ കാലാവധി അവസാനിക്കുന്ന 2026 മാർച്ച് മാസം 82 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മൂന്നുമാസം കൂടി പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികസമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള റെസയോട് ചേർന്ന് ഏറ്റെടുത്ത ഭൂമിയിൽ മണ്ണിട്ട് ഉയർത്തി റൺവേയുടെ നീളം കൂട്ടുന്ന ജോലികളാണ് നടക്കുന്നത്. ആദ്യം 25 സെന്റിമീറ്റർ കനത്തിൽ മണ്ണ് നിരത്തി അവ 20 സെന്റീമീറ്ററിലേക്ക് അമർത്തി മണ്ണിന്റെ ബല പരിശോധന നടത്തി വീണ്ടും ഇത്തത്തിൽ അടുത്ത പാളി മണ്ണ് ഉറപ്പിച്ചാണ് റെസ ദീർഘിപ്പിക്കൽ പ്രവൃത്തി പുരോഗമിക്കുന്നത്.

ഉയർത്തുന്ന ഭാഗത്തെ വശങ്ങളിൽ മതിൽകെട്ടുകളില്ലാതെ ജിയോഗ്രിഡ് അവലംബിച്ചാണ് മണ്ണുപാളികൾ ഉറപ്പിക്കുന്നത്. 90 മീറ്ററുള്ള റെസ ഏരിയ 150 മീറ്റർ കൂടി ദീർഘിപ്പിച്ച് 240 മീറ്ററായി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടേബിൾ ടോപ്പ് റൺവേയ്ക്ക് ഇത് കൂടുതൽ സുരക്ഷ നൽകും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് നിർമാണത്തിനാവശ്യമുള്ളത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ച പ്രദേശങ്ങളിൽ നിന്നാണ് മണ്ണെടുപ്പ്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ ഇടങ്ങൾ കണ്ടെത്തി, പരിസ്ഥിതികാഘാത പഠനങ്ങൾ നടത്തിയ ശേഷം എൻവയോൺമെന്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുമുണ്ട്. മഴ മാറുന്നതോടെ ഇവിടെ നിന്ന് മണ്ണെടുക്കാനാവും.

നഷ്ടപരിഹാരം നൽകും

വിമാനങ്ങൾക്ക് റൺവേയിൽ സുരക്ഷിതമായി ഇറങ്ങുന്നതിനും നാവിഗേഷൻ സംവിധാനങ്ങൾക്കുമായുള്ള ലീഡിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തികൾ നടന്നുവരുന്നു. റവന്യൂ വകുപ്പിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗമാണ് നടപടികൾ പൂർത്തിയാക്കുക. വിമാനത്താവളത്തിന് ചുറ്റുമുള്ള മൂന്ന് വില്ലേജുകളിൽ നിന്നായി അഞ്ച് സ്ഥലങ്ങൾ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പള്ളിക്കൽ വില്ലേജിൽ മൂന്ന് സ്ഥലങ്ങളും ചേലേമ്പ്ര കണ്ണമംഗലം വില്ലേജുകളിൽ ഓരോ സ്ഥലങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥലങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകും.