ആശ്രാമം ഇ.എസ്.ഐ ന്യൂറോ ഒ.പി നിലച്ചിട്ട് രണ്ട് മാസം

Monday 28 July 2025 12:27 AM IST
ആശ്രാമം ഇ.എസ്.ഐ

കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ന്യൂറോളജി ഒ.പി നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ഇവിടുത്തെ ഒ.പിയെ ആശ്രയിച്ചിരുന്ന പാവപ്പെട്ട ഇ.എസ്.ഐ അംഗങ്ങൾ സ്വകാര്യ ആശുപത്രികളിൽ പോയി കീശ കീറുമ്പോഴും ഇ.എസ്.ഐ അധികൃതർ ഉറക്കത്തിലാണ്.

കഴിഞ്ഞ മേയ് അവസാനവാരത്തിലാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ താത്കാലിക ന്യൂറോളജി, കാർഡിയോളജി സ്പെഷ്യലിസ്റ്റുകൾ അധികൃതരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവച്ചത്. ഒരുമാസത്തോളം പകരം നിയമനത്തിന് ആശുപത്രി അധികൃതർ നടപടിയെടുത്തിരുന്നില്ല.

രോഗികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്ന് ഈമാസം 11ന് താത്കാലിക കാർഡിയോളജിസ്റ്റിനും ന്യൂറോളജിസ്റ്റിനുമുള്ള അഭിമുഖം നിശ്ചയിച്ചു. ഈ അഭിമുഖത്തിൽ ന്യൂറോളജിസ്റ്റുകളാരും പങ്കെടുത്തില്ല. അതിന് ശേഷം വീണ്ടും അഭിമുഖം നടത്താനോ സ്ഥിരം ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റി നിയമിക്കാനോ തയ്യാറായിട്ടില്ല.

സ്ഥിരം ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റി

 നേരത്തേയുള്ള സ്ഥിരം ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റി

 രാജിവച്ചത് പകരം നിയമിച്ച ന്യൂറോളജിസ്റ്റ്  താത്കാലികക്കാരെ കിട്ടുന്നില്ലെന്ന് അധികൃതർ  പുതിയ സ്ഥിരം നിയമനത്തിനും നടപടിയില്ല

 വലയുന്നത് ഇ.എസ്.ഐ ആനുകൂല്യമുള്ള രോഗികൾ

ദിവസവും ഒ.പിയിൽ എത്തിയിരുന്നത്

50-70 പേർ

കാർഡിയോളജി ഒ.പി വൈകിട്ട്

പാവപ്പെട്ട രോഗികളെ വലയ്ക്കുന്ന രീതിയിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ടുവരെയാണ് പുതുതായി നിയമിച്ച പാർട്ട് ടൈം കാർഡിയോളജിസ്റ്റിന്റെ ഒ.പി. ആശ്രാമം വഴി കെ.എസ്.ആർ.ടി സർവീസില്ല. ഇതുവഴിയുള്ള സ്വകാര്യ ബസ് സർവീസ് രാത്രി ഏഴോടെ നിലയ്ക്കും. അതിന് ശേഷം ഡോക്ടറെ കാണുന്നവർ വീടുകളിലേക്ക് മടങ്ങാൻ ചിന്നക്കട വരെയെങ്കിലും ഓട്ടോ പിടിക്കേണ്ട അവസ്ഥയാണ്. നേരത്തെ ആഴ്ചയിൽ ആറ് ദിവസം ഒ.പിയുണ്ടായിരുന്നു. ഇപ്പോൾ നാല് ദിവസമേയുള്ളു.

പാർട്ട് ടൈം ന്യൂറോളജിസ്റ്റിനായുള്ള അഭിമുഖം വൈകാതെ വീണ്ടും നടത്തും.

ആശുപത്രി അധികൃതർ