നികുതി വെട്ടിച്ച് ചെമ്പ് കടത്തിയ കണ്ടെയ്നർ ലോറി പിടിച്ചെടുത്തു
കൊല്ലം: ഇ- വേസ്റ്റെന്ന വ്യാജേന നികുതി വെട്ടിച്ച് ലക്ഷങ്ങളുടെ ചെമ്പുകമ്പി കടത്തിയ കണ്ടെയ്നർ ലോറി ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ഹരിയാന സ്വദേശികളായ ഡ്രൈവർ മുബീൻ, സഹായി അർബാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ജി.എസ്.ടി ജോ. ഇന്റലിജൻസ് കമ്മിഷണർ കിരൺ ലാൽ, എൻഫോഴ്സമെന്റ് ഡെപ്യൂട്ടി കമ്മിഷണർ ലെനിൻ എന്നിവരുടെ നിർദ്ദേശ പ്രകാരം പത്തനാപുരത്ത് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വാഹനമുൾപ്പടെ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ 4 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് മാലിന്യം ഡൽഹിക്ക് കൊണ്ടുപോകുന്നതിന്റെ ബില്ലാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നിന്ന് ഇത്തരത്തിൽ വാഹനം ലോഡുമായി വന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ആലപ്പുഴ ജില്ലയിൽ നിന്ന് കൊണ്ടുവന്ന ചെമ്പ് കമ്പികളാണ് കണ്ടെയ്നർ ലോറിയിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. കിലോയ്ക്ക് 40 രൂപ എന്ന നിലയിലാണ് ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കിലോയ്ക്ക് 800 മുതൽ മുകളിലേക്ക് വില വരുന്ന ചെമ്പ് ഉൾപ്പടെയുള്ള സാധനങ്ങളാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത സാധനങ്ങൾക്ക് അളവ് നോക്കി മാർക്കറ്റ് വില നിശ്ചയിക്കും. തുടർന്ന് പിഴ ചുമത്തുമെന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ പറഞ്ഞു. ജി.എസ്.ടി ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസർ ആന്റണി വാസ്, ഡെപ്യൂട്ടി എൻഫോഴ്സ്മെന്റ് ഓഫീസർമാരായ ബി.ദീപു, മനീഷ് ബാലൻ, അനിൽ ജോർജ്, ജീവനക്കാരായ അമൽ, അൻസാർ എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്.