വില്‍പ്പനയില്‍ വന്‍ കുതിപ്പ്; മൂന്നര മാസം കൊണ്ട് വിറ്റത് എത്ര രൂപയുടെ മദ്യമെന്നറിയാമോ?

Monday 28 July 2025 12:35 AM IST

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തിലും കേരള സ്‌റ്രേറ്റ് ബിവറേജസ് കോര്‍പ്പറേഷന്(ബെവ്കോ ശുഭകരമായ തുടക്കം. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് 20 വരെയുള്ള കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധനയുണ്ടായി. ബിയറിന്റെ വില്പനയില്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നേരിയ കുറവുണ്ട്.

ജൂലായ് 20 വരെ വെയര്‍ഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് 5471.42 കോടി നല്‍കി (കഴിഞ്ഞ വര്‍ഷം 5215.29 കോടി). ചില്ലറ വില്പന ശാലകള്‍ വഴി 54.10 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത് (കഴിഞ്ഞ വര്‍ഷം 53.53 ലക്ഷം). വെയര്‍ഹൗസുകള്‍ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്‌സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.5 കോടിയിലധികം നേടി റെക്കാഡ് വിറ്റുവരവാണ് ബെവ്‌കോ നേടിയത്.

സ്‌കോച്ചിന് വില കുറഞ്ഞേക്കും

ബ്രിട്ടണുമായുള്ള സമഗ്ര സാമ്പത്തിക വാണിജ്യ കരാര്‍ നടപ്പാവുന്നതോടെ കേരളത്തില്‍ സ്‌കോച്ചിന് വില കുറഞ്ഞേക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പുറമെ വിദേശ നിര്‍മ്മിത വിദേശമദ്യവും (എഫ്.എം എഫ് .എല്‍)ബെവ്‌കോ വഴി വില്‍ക്കുന്നുണ്ട്. വില്പന നികുതിയില്‍ ഇളവ് നല്‍കിയിട്ടും വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ എഫ്.എം എഫ് .എല്ലിന് കഴിഞ്ഞിരുന്നില്ല.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 251 ശതമാനം നികുതി ഈടാക്കുമ്പോള്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന് ഇത് 86 ശതമാനമാണ്. ഇതിന് പുറമെ പുതിയ കരാര്‍ പ്രകാരമുള്ള നികുതി ഇളവ് കൂടി വരുന്നത് വലിയ വിലയുള്ള വിദേശ വിസ്‌കി താരതമ്യേന ചെറിയ വിലയ്ക്ക് ലഭിക്കാന്‍ വഴിയൊരുക്കും. പക്ഷെ ഇത് നടപ്പില്‍ വരാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ജോണിവാക്കര്‍,ഷിവാസ് റീഗല്‍, ടീച്ചേഴ്‌സ്, ഗ്‌ളെന്‍ഗെറി തുടങ്ങിയ ബ്രാന്‍ഡുകളും ടോം ആന്‍ഡ് മ്യൂ ജിന്നുമാണ് ഇവിടെ കൂടുതല്‍ പ്രിയമുള്ളത്.