ഡോ. ആർ.ഗോപാലകൃഷ്ണൻ നായർക്ക് അന്ത്യാഞ്ജലി
തിരുവനന്തപുരം: എഴുത്തുകാരനും എം.എൻ.ഗോവിന്ദൻ നായർ ഉൾപ്പെടെ ആറ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡോ. ആർ.ഗോപാലകൃഷ്ണൻ നായർക്ക് (89) അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ തിരുവനന്തപുരത്തായിരുന്നു അന്ത്യം. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ ടി.സി 81 / 1638 കുമാരമംഗലം (ആരതി) വീട്ടിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.
വി.വി.രാഘവൻ, ജെ.ചിത്തരഞ്ജൻ, വി.കെ.രാജൻ, കൃഷ്ണൻ കണിയാംപറമ്പിൽ, മുല്ലക്കര രത്നാകരൻ എന്നിവരുടെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വകുപ്പിന്റെ സേവനങ്ങൾ കർഷകരിൽ എത്തിക്കുന്നതിന് ദീർഘദൃഷ്ടിയോടെ പ്രവർത്തിക്കുന്നതിൽ കൃഷി മന്ത്രിമാർക്ക് മാർഗനിർദ്ദേശം നല്കി. ലക്ഷം വീട്, ഓണത്തിനൊരു മുറം നെല്ല്, ഗ്രൂപ്പ് ഫാമിംഗ്,ഹരിതവർഷം,തരിശുനില കൃഷി തുടങ്ങി ഒട്ടേറെ പദ്ധതികളുടെ ആസൂത്രണത്തിലും ജൈവ കൃഷി നയം, കാർഷിക കടാശ്വാസ കമ്മിഷൻ, കൃഷിഭവനുകൾ, ഫാം ഇൻഫർമേഷൻ ബ്യൂറോ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ തുടങ്ങിയവയുടെ രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കു വഹിച്ചു. കാർഷിക മേഖലയെ അടിസ്ഥാനമാക്കി രചിച്ച കൃതികളും ശ്രദ്ധേയമായിരുന്നു. 1950-കളിൽ എ.ഐ.എസ്.എഫ് പ്രവർത്തകനായാണ് പൊതു പ്രവർത്തനം ആരംഭിച്ചത്. കണിയാപുരം രാമചന്ദ്രന് ശേഷമാണ് ജനയുഗം വാരികയുടെ ചീഫ് എഡിറ്റർ സ്ഥാനം ഏറ്റെടുത്തത്. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ബാല വിജ്ഞാനകോശം, ആരോഗ്യ വിജ്ഞാനകോശം എന്നിവയുടെ എഡിറ്ററായിരുന്നു. കെൽട്രോണിന്റെ തുടക്കകാലത്ത് ചെയർമാൻ കെ.പി.പി.നമ്പ്യാർക്കൊപ്പം സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചു. ഹോർട്ടികൾച്ചർ കോർപ്പറേഷന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറാണ്. ദൂരദർശനിൽ മന്ത്രിമാരുമായുള്ള അഭിമുഖം തുടങ്ങിയത് ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു.ഭാര്യ : ജയ ജി.നായർ , മക്കൾ : മിനി, ഡോ.മനോജ്. മരുമക്കൾ : ഡോ. ഇന്ദു കുമാർ (റിട്ട. ഐ.എസ്.ആർ.ഒ), ശാരിക(അദ്ധ്യാപിക, ഹോളി ഏഞ്ചൽസ് സ്കൂൾ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9-ന്.