പാരമ്പര്യം കാക്കാൻ വീണ്ടും 'കറുത്തൻ'!

Monday 28 July 2025 12:53 AM IST

കൊച്ചി: നാല് പതിറ്റാണ്ട് മുമ്പുവരെ മലയോര ജനതയുടെ പട്ടിണിമാറ്റാൻ ഒപ്പമുണ്ടായിരുന്ന നെൽവിത്ത് ''കറുത്തൻ'' തിരിച്ചുവരുന്നു.ഹൈബ്രിഡ് നെൽവിത്തുകളുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നുപോയ കേരളത്തിന്റെ പരമ്പരാഗത സ്വത്താണിവൻ. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പ്രചാരകനുമായ വയനാട്ടിലെ തയ്യിൽ പ്രസീദിന്റെ വിത്ത് ബാങ്കിലൂടെയാണ് രണ്ടാംവരവ്.

കർണാടകയിലെ കുടകിലെ കർഷകന്റെ പക്കൽ നിന്ന് കഴിഞ്ഞവർഷം പ്രസീദ് വിത്ത് ശേഖരിച്ച് വിതച്ച് 20 കിലോയാക്കി. ഈ വർഷം 25 കർഷകരിലൂടെ കറുത്തനെ കൂടുതൽ കരുത്തനാക്കുള്ള തയ്യാറെടുപ്പിലാണ്.1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള തടിപ്പത്തായത്തിലാണ് നെൽവിത്തുകൾ സൂക്ഷിക്കുന്നത്. മുക്കാൽ മണിക്കൂർ പച്ചവെള്ളത്തിലോ പാലിലോ ഇട്ടുവച്ചാൽ ചോറ് ആകുന്ന ആഘോനി ബോറ (മാജിക് റൈസ്), ശബരിമല വനത്തിൽ നിന്ന് ശേഖരിച്ച ഔഷധഗുണമുള്ള മണ്ണൂരി തുടങ്ങി അപൂർവ ഇനത്തിൽപ്പെട്ട 350ൽപ്പരം നെൽവിത്തുകൾ പത്തായത്തിലുണ്ട്.നെൻമേനി പഞ്ചായത്തിലെ നമ്പിക്കൊല്ലി കഴമ്പുവയലിൽ പ്രസീദിന്റെ 10 ഏക്കറിൽ വിത്ത് ഉത്പാദനം മാത്രമേയുള്ളൂ.സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർ വിത്ത് വാങ്ങാൻ എത്തുന്നുണ്ട്.ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന നെൽവിത്തിന് രോഗപ്രതിരോധശേഷിയും ഉത്പാദനക്ഷമതയും കൂടുതലാണ്.വർണചിത്രങ്ങൾ വിരിയുന്ന പാഡി ആർട്ടിന്റെ വിശാലമായ ക്യാൻവാസ് കൂടിയാണ് പ്രസീദിന്റെ പാടം.നൂറുകണക്കിന് സർവകലാശാല വിദ്യാർത്ഥികൾ നെൽകൃഷിയെക്കുറിച്ച് പഠിക്കാൻ പ്രസീദിന്റെ 'പാടശാലയിൽ" എത്താറുണ്ട്.15 പേർ ഇവിടെനിന്നുള്ള നെൽവിത്തിനെ അടിസ്ഥാനമാക്കി പി എച്ച്‌.ഡി ചെയ്യുന്നുണ്ട്.

 കറുത്തൻ

രോഗപ്രതിരോധശേഷിയും ഉയർന്ന ഉത്പാദന ക്ഷമതയുമുള്ള കരനെല്ല്.കൂപ്പിലും പറമ്പിലും കൃഷി ചെയ്യാം. മൂന്നരയടി ഉയരത്തിൽ വളരും.ഔഷധഗുണമുള്ള അരി.140 ദിവസത്തെ വിളവ്.

 പാഡി ആർട്ട്

കേരളത്തിന്റെ നെല്ലറകളെ വിനോദസഞ്ചാരവുമായി സംയോജിപ്പിക്കുന്ന സാങ്കേതിക വിദ്യ.പാടത്ത് വിവിധ വർണങ്ങളിൽ വിളയുന്ന നെൽവിത്തുകൾ കലാപരമായി വിന്യസിച്ചാണ് പാഡി ആർട്ട് ഒരുക്കുന്നത്.