ഗോവിന്ദച്ചാമി ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ജയിലിലെ സെല്ലിനു പുറത്തെ ഇടനാഴിയിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തു വന്നത്.
സെല്ലിന്റെ താഴെ ഭാഗത്തെ കമ്പികൾ അറുത്തു മാറ്റി തറയിലൂടെ ഇഴഞ്ഞ് പുറത്തു കടക്കുന്നതും തുണി ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെത്തിക്കുന്നതും കാണാം.
സെല്ലിൽ നിന്ന് പുറത്ത് പോയതിനു ശേഷം രണ്ട് വട്ടം തിരിച്ചു വരുന്നതും സാധനങ്ങൾ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 25ന് പുലർച്ചെ 1.14നാണ് ഗോവിന്ദച്ചാമി പുറത്തു വന്നത്. വളരെ ലാഘവത്തോടെ വലിയ മതിലിന്റെ അടുത്തേക്ക് പോകുന്നതും രണ്ടാമത്തെ ദൃശ്യങ്ങളിൽ കാണാം. സി.സി.ടി.വി ദൃശ്യങ്ങൾ മോണിറ്റർ ചെയ്യാനുള്ള ജീവനക്കാരനടക്കം ജയിലില്ലായിരുന്നു എന്നാണ് വിവരം.സി.സി.ടി.വി ദൃശ്യങ്ങളിൽ പാറാവ് ഡ്യൂട്ടിയിലുള്ള ജയിൽ ജീവനക്കാരെ ആരെയും കാണാനുമില്ല. രാത്രി 1.10 മുതൽ 4.15 വരെയുള്ള ഗോവിന്ദച്ചാമിയുടെ മുഴുവൻ നീക്കങ്ങളും ജയിൽ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
അടച്ചുറപ്പില്ലാത്ത ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്.തുരുമ്പു പിടിച്ച് ദ്രവിച്ച കമ്പികൾ മാത്രമുള്ള സെല്ലാണിത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ച തടവറയുടെ ചിത്രവും പുറത്തു വന്നു. പത്താം ബ്ലോക്കിലെ 10ബി സെല്ലിന്റെ അടിഭാഗത്തെ അഴികൾ മുറിച്ചു മാറ്റിയ നിലയിലാണ്. മുറിച്ചു മാറ്റിയത് മനസിലാകാതിരിക്കാൻ നൂല് ഉപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. സെല്ലിനുള്ളിൽ തുണിയും തലയണയും ഉപയോഗിച്ച് ഗോവിന്ദച്ചാമി ഒരുക്കിയ ഡമ്മിയും കാണാം. വെള്ളിയാഴ്ച പുലർച്ചെ 4.15 വരെ ജയിൽ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നിൽക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.ജയിൽച്ചാട്ടം സംബന്ധിച്ച് സഹ തടവുകാർക്ക് അറിവുണ്ടായിരുന്നെങ്കിലും മറ്റ് സഹായങ്ങൾ ലഭിച്ചില്ലെന്നാണ് കരുതുന്നത്. 1.15ന് സെല്ലിനു പുറത്തിറങ്ങിയ ഗോവിന്ദച്ചാമി പുലർച്ചെ നാലിന് ശേഷമാണ് മതിൽ ചാടിയത്.