ആധുനിക കെമിക്കൽ പരിശോധനയില്ല​ കുറ്റം തെളിയിക്കാൻ  നീണ്ട കാത്തിരിപ്പ്

Monday 28 July 2025 1:00 AM IST

ആലപ്പുഴ: സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുതിച്ചുയരുമ്പോഴും കെമിക്കൽ പരിശോധന കൃത്യമായി നടക്കുന്നില്ല. ആധുനിക പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതും വേണ്ടത്ര ജീവനക്കാരില്ലാത്തതുമാണ് കാരണം. കെമിക്കൽ പരിശോധനാ സാമ്പിളുകളുടെ എണ്ണം 12 വർഷത്തിനിടെ ഇരട്ടിയായി. സാമ്പിളുകൾ കുന്നുകൂടിയത് റിസൾട്ടിന് കാലതാമസമുണ്ടാക്കുകയും ഫലത്തിന്റെ കൃത്യതയെ ബാധിക്കുകയും ചെയ്യുന്നു. ഇതുവഴി വിചാരണാ നടപടികളും നീളും.

അന്വേഷണ ഉദ്യോഗസ്ഥർ ലഭ്യമാക്കുന്ന തൊണ്ടികൾ പരിശോധിച്ച് ശാസ്ത്രീയ തെളിവ് ശേഖരണത്തിലൂടെ കുറ്റകൃത്യം തെളിയിക്കാൻ ജുഡിഷ്യറിയെ സഹായിക്കുകയാണ് കെമിക്കൽ ലാബുകളുടെ ചുമതല. ചീഫ് കെമിക്കൽ എക്സാമിനർ തലവനായ തിരുവനന്തപുരം, എറണാകുളം , കോഴിക്കോട് ലാബുകളിൽ നർക്കോട്ടിക്സ‌്, സെറോളജി, ടോക്സിക്കോളജി, എക്സൈസ്, ജനറൽ കെമിസ്ട്രി വിഭാഗങ്ങളുണ്ട്. 207 തസ്തികകളും. എറണാകുളത്തെ ലാബിൽ ഡിസ്റ്റിലറി സാമ്പിളുകൾ പരിശോധിക്കാൻ ഡിവിഷനുമുണ്ട്.

2012-13 സാമ്പത്തികവർഷാവസാനം 31,257 സാമ്പിളുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത് . 2023-24ൽ 62,558 ആയി. 12 വർഷം കൊണ്ട് ഇരട്ടിയിലേറെ വർദ്ധന. 2022-23 മുതൽ കേസുകളുടെയും സാമ്പിളുകളുടെയും എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടും കാലതാമസം അവസാനിപ്പിക്കാൻ സംവിധാനമുണ്ടായില്ല. 2012-13ലാണ് കൂടുതൽ സാമ്പിളുകൾ തീർപ്പായത് (31,008 ). ഈ പ്രകടനം ആവർത്തിച്ചെങ്കിൽ 12 വർഷങ്ങൾ കൊണ്ട് 3,72,000ത്തിലധികം കേസുകൾ തീർക്കാമായിരുന്നു. എന്നാൽ 3,32,809 കേസുകൾ മാത്രമാണ് തീർപ്പായത്.

സാമ്പിൾ സ്ഥിതി വിവരം

(വർഷം,ക്രൈം, സാമ്പിളുകൾ, പരിശോധിച്ചത്, ബാക്കിയുള്ളത്- മുൻ വർഷങ്ങളിലേതുൾപ്പെടെ )

2018-2019 ........29,017 ......85,681...... 27,858..... 1,08,388

2019-2020.........29,281 ......85,524.......27,520......1,10,103

2020-2021.........25,993.......75,811...... 19,585 ......1,28,713

2021-2022 ........29,251.......85,515 ......30,302 ......1,31,894

2022-2023.........33,909.......90,598.......28,083.......1,47,325

2023-2024 ..........8,192.......93,981........26,630 .....1,69,188

കെമിക്കൽ ലാബുകളിലെ സാമ്പിൾ പരിശോധനാഫലം വൈകുന്നത് കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് കാലതാമസം വരുത്തും. ഇത് സാമ്പിളുകളുടെ രാസപരിണാമങ്ങൾക്കും രൂപാന്തരങ്ങൾക്കും കാരണമാകും.

- ഡോ. എൻ.എ ബൽറാം.

റിട്ട. പൊലീസ് സർജൻ