പാലക്കാട് ലഹരിമരുന്നുമായി രണ്ട് യുവതികളും യുവാവും പിടിയിൽ

Monday 28 July 2025 1:03 AM IST

പാലക്കാട്: മുണ്ടൂരിൽ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും ഒരു യുവാവും പിടിയിൽ. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച കോഴിക്കോട് ഒഞ്ചിയം സ്വദേശിനി കെ.വി.ആൻസി(30), ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങാനെത്തിയ മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ വെളിമൊക്ക് വീണാലുങ്കൽ വീട്ടിൽ നൂറ തസ്‌നി(23)​,​ വെളിമൊക്ക് മുള്ളുങ്കൽ വീട്ടിൽ മുഹമ്മദ് സ്വാലിഹ്(29)​ എന്നിവരാണ് പിടിയിലായത്. ഇവർ ഓടിച്ചുവന്ന കാറും പിടിച്ചെടുത്തു. ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും കോങ്ങാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മുണ്ടൂരിൽ പൊരിയാനിയിൽ വച്ചാണ് ഇവർ പിടിയിലായത്. ആൻസി കഴിഞ്ഞ വർഷവും എം.ഡി.എം.എയുമായി പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മണ്ണാർക്കാട് ഡിവൈ.എസ്.പി സന്തോഷ് കുമാർ, പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ,​ കോങ്ങാട് ഇൻസ്‌പെക്ടർ ആർ.സുജിത് കുമാർ, സബ് ഇൻസ്‌പെക്ടർ വി.വിവേക്, എ.എസ്.ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്.സി.പി.ഒമാരായ സാജിദ്, സുനിൽ, പ്രസാദ്, സി.പി.ഒമാരായ ആർ.ധന്യ, വി.വി.ധന്യ, എ.സൈഫുദ്ദീൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.