റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം
തിരുവനന്തപുരം: ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ആർ.ടി.ഡബ്ലിയു.എഫ്) അഖിലേന്ത്യ സമ്മേളനം ഇന്നുമുതൽ 31 വരെ നടക്കുമെന്ന് ജനറൽ സെക്രട്ടറി ലക്ഷ്മയ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളന വേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് കാൽലക്ഷത്തോളം തൊഴിലാളികളുടെ പ്രകടനം നടക്കും. തുടർന്ന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. രാവിലെ ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഏഷ്യ പസഫിക് റീജിയൻ സമ്മേളനവും നടക്കും. ഈ യൂണിയൻ സമ്മേളനത്തിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. വിയറ്റ്നാം, ശ്രീലങ്ക, നേപ്പാൾ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
നാളെ രാവിലെ 9.30ന് സമ്മേളനവേദിയായ എ.കെ.ജി ഹാളിൽ പതാക ഉയർത്തും. 10.30ന് പ്രതിനിധിസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 31ന് ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
വാർത്താസമ്മേളനത്തിൽ ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.കെ.ദിവാകരൻ, സംഘാടകസമിതി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ, ജനറൽ കൺവീനർ കെ.എസ്.സുനിൽകുമാർ, സി.കെ.ഹരികൃഷ്ണൻ, ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഏഷ്യ പസഫിക് റീജിയൻ പ്രസിഡന്റ് അലി റിസ എന്നിവരും പങ്കെടുത്തു.