ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഗംഭീറിന്റെ കാര്യം പരുങ്ങലിലോ? കടുത്ത നടപടികൾ ആലോചിച്ച് ബിസിസിഐ

Monday 28 July 2025 8:03 AM IST

മുംബയ്: ആൻഡേഴ്‌സൺ-ടെൻഡുൾക്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരം സമനിലയിലാണ് കലാശിച്ചത്. നിലവിൽ അഞ്ച് ടെസ്റ്റ് മത്സര പരമ്പരയിൽ ഇംഗ്ളണ്ട് ഇന്ത്യയ്‌ക്കെതിരെ 2-1ന് മുന്നിലാണ്. ഈ പരമ്പരയ്‌ക്ക് പിന്നാലെ സെപ്‌തംബറിൽ ഏഷ്യാ കപ്പ് ട്വന്റി20 മത്സരങ്ങൾ വരുന്നുണ്ട്. ഇതിനുശേഷം ഇന്ത്യൻ പരിശീലകരിൽ നിർണായകമാറ്റം ബിസിസിഐ വരുത്തുമെന്നാണ് വിവരം. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യ അത്ര മികച്ച റെക്കാഡ് അല്ല ടെസ്റ്റ് ക്രിക്കറ്റിൽ നേടിയത് എന്നതാണ് കാര്യം. തൽക്കാലം ഗംഭീറിന് സ്ഥാനം പോകില്ലെങ്കിലും അദ്ദേഹം ഒപ്പം കൊണ്ടുവന്ന ബൗളിംഗ് കോച്ച് മോണി മോർക്കൽ, അസിസ്റ്റന്റ് കോച്ച് റിയാൻ ടെൻ ഡോഷെ എന്നിവരുമായുള്ള കരാർ ബിസിസിഐ അവസാനിപ്പിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇരുവരും തികഞ്ഞ പരാജയമായിരുന്നു എന്നാണ് ബിസിസിഐ കണക്കാക്കുന്നത്. ഗൗതം ഗംഭീർ പരിശീലകനായ ശേഷം 13 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ എട്ടും തോറ്റു. ജയിച്ചത് നാലെണ്ണം ആണ്. ഒരു മത്സരം സമനിലയായി. മോണി മോർക്കലിനെ ഒഴിവാക്കാൻ ബിസിസിഐ മുൻപുതന്നെ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. സമനിലയിലായ മാഞ്ചസ്‌റ്റർ ടെസ്റ്റിൽ അൻശുൽകാംബോജിനെ ഉൾപ്പെടുത്തിയ തീരുമാനം വലിയതോതിൽ തിരിച്ചടിയായിരുന്നു. 120 കിലോമീറ്റർ പരമാവധി വേഗത്തിലെറിയുന്ന കാംബോജ് വേണ്ടത്ര ഓളമുണ്ടാക്കിയില്ല. മാത്രമല്ല ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്‌സിൽ 669 എന്ന വമ്പൻ ടോട്ടലിൽ എത്തിച്ചേരുകയും ചെയ്‌തു. ആറ് ബൗളർമാർ ടീമിലുണ്ടായപ്പോഴാണ് ഈ ദുരവസ്ഥ.

മികച്ച ഫോമിലുള്ള കുൽദീപ് യാദവിനെപ്പോലെയുള്ളവരെ ടീമിലെടുക്കാതെയാണ് കാംബോജിന് അവസരം നൽകിയത്. ദേശീയ സെലക്ഷൻ കമ്മിറ്റി ചെയ‌ർമാൻ അജിത്ത് അഗാർക്കർ, പ്രതിനിധിയായ ശിവസുന്ദർ ദാസ് എന്നിവരുടെ പങ്കും ബിസിസിഐ പരിശോധിച്ചതായാണ് സൂചന. മിക്ക ടൂറിലും കുൽദീപിനെ പുറത്താക്കാനുള്ള തീരുമാനം ഇവരിൽ നിന്നായിരുന്നതാണ് വിവരം. ഇക്കാര്യത്തിൽ ടീമും മാനേജ്‌മെന്റും തമ്മിൽ അഭിപ്രായഐക്യമുണ്ടായിരുന്നില്ലെന്ന സൂചനകളാണ് വരുന്നത്. ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരെ മാത്രമാണ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചതെന്നാണ് ഈ തീരുമാനത്തെ എതിർക്കുന്നവർ പറയുന്നത്. റിയാൻ ടെൻ ഡോഷെയുടെ ടീമിലെ റോൾ എന്താണെന്ന കാര്യത്തിലും ബിസിസിഐയ്‌ക്ക് സംശയമുണ്ട്. ഇരുവർക്കും നൽകിയ അവസരങ്ങൾ അധികമാണ് എന്ന ചിന്തയാണ് ഉള്ളത്.