രണ്ട് മാസം കൊണ്ട് ലഭിച്ചത് ഒന്നരക്കോടിയിലേറെ രൂപ, കേരളത്തിൽ നല്ല വരുമാനം നേടുന്നത് ഈ മേഖലയാണ്
പാലക്കാട്: കാടറിയാൻ സഞ്ചാരികളെത്തിയതോടെ പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ ഏപ്രിൽ, മേയ് മാസത്തെ വരുമാനം 1.71 കോടി രൂപ. 25,638 സഞ്ചാരികളാണ് ഈ രണ്ടു മാസമെത്തിയത്. സഞ്ചാരികൾക്ക് ഗൈഡായും നാച്വറലിസ്റ്റായും ജോലി ചെയ്യുന്ന പറമ്പിക്കുളത്തെ ഗോത്ര വിഭാഗത്തിനും വരുമാനത്തിന്റെ നേട്ടം ലഭിക്കും.
സഞ്ചാരികൾക്കായുള്ള സഫാരി, താമസം, ഇക്കോഷോപ്പുകൾ എന്നിവയിലൂടെയാണ് പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് വരുമാനം ലഭിക്കുന്നത്. പാലക്കാട്ടെ മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളമെങ്കിലും നടത്തിപ്പ് തമിഴ്‌നാട്ടിനാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്കാണ് താമസിച്ച് കാട് കാണാൻ അവസരമുള്ളത്. യാത്രയ്ക്ക് വനംവകുപ്പിന്റെ സഫാരി വാനുകളുണ്ട്. മൂന്ന് മണിക്കൂറാണ് സഫാരി.
കഴിഞ്ഞ ക്രിസ്‌മസ് പുതുവത്സര അവധിക്കാലത്ത് പറമ്പിക്കുളം കടുവ സങ്കേതത്തിൽ അരക്കോടിയിലേറെ രൂപയായിരുന്നു വരുമാനം. 2024 ഡിസംബർ 21 മുതൽ 31 വരെ 51 ലക്ഷമാണ് വനം വകുപ്പിന് ലഭിച്ചത്.
പറമ്പിക്കുളം സഫാരി, ബാംബൂ റാഫ്ടിംഗ്, ട്രെക്കിംഗ്, തൂണക്കടവ് അണക്കെട്ട്, കന്നിമാറ തേക്ക്, ഡാം വ്യൂ പോയിന്റ്, വാലി വ്യൂ പോയിന്റ്, പറമ്പിക്കുളം ഡാം, ട്രൈബൽ ഹെറിറ്റേജ് സെന്റർ, ഏഷ്യയിലെ ഏറ്റവും വലിയ തേക്കുകളിൽ ഒന്നായ കന്നിമാറ തുടങ്ങിയവയാണ് പറമ്പിക്കുളത്തെ പ്രധാന ആകർഷണങ്ങൾ.
'പ്രകൃതിയുടെ സ്വന്തം വാസസ്ഥലം'
ലോകത്തെ 34 ജൈവ വൈവിദ്ധ്യ ഹോട്ട് സ്‌പോട്ടുകളിലൊന്നായ പറമ്പിക്കുളം 'പ്രകൃതിയുടെ സ്വന്തം വാസസ്ഥലം'എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ആനമല സബ് യൂണിറ്റിന് കീഴിലുള്ള, കുറഞ്ഞ മനുഷ്യ ഇടപെടലുകളുള്ള സംരക്ഷിത പ്രദേശം കൂടിയാണിവിടം. മുപ്പതിലേറെ കടുവകളുള്ള പറമ്പിക്കുളത്തെ കടുവകയുടെ സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിനു 2.43 കടുവ എന്ന രീതിയിലാണ്. വംശനാശഭീഷണി നേരിടുന്ന ചോലക്കറുമ്പി, പാതാളത്തവള, ചെങ്കൽ കുറിവാലൻ തവള, തെക്കൻ ചതുപ്പൻ തവള എന്നിവയുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്. പുള്ളിമാൻ, കേഴമാൻ, ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല തുടങ്ങി അനവധി വന്യജീവികളുടെ വിഹാര കേന്ദ്രമാണിവിടം.