105 നിലകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ, പക്ഷേ ഇവിടെ ആരും താമസിക്കാൻ തയ്യാറാകില്ല, കാരണം വിചിത്രം

Monday 28 July 2025 11:48 AM IST

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന് പറയുമ്പോൾ പലരുടെയും ചിന്ത പോകുന്നത് അമേരിക്ക, യുഎഇ പോലുള്ള രാജ്യങ്ങളിലേക്കാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ഈ രാജ്യത്തൊന്നുമല്ല. അത് ഉത്തര കൊറിയയിലാണ്.

പ്യോങ്‌യാങ്ങിലെ റ്യുഗ്യോങ് ഹോട്ടൽ 330 മീറ്റർ ഉയരത്തിൽ 105 നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും വലിപ്പമുണ്ടായിട്ടും ഇന്നേവരെ ഒരു അതിഥി പോലും ഈ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. പിരമിഡ് ആകൃതിയിലുള്ള റ്യുഗ്യോങ് പുരാതന ഈജിപ്‌ഷ്യൻ പിരമിഡുകളെ ഓർമിപ്പിക്കുന്നവയാണ്. 182 മീറ്റർ ഉയരമുള്ള ഇന്ത്യയുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഇരട്ടി ഉയരമാണിതിനുള്ളത്. ഉത്തര കൊറിയയുടെ വളർച്ചയുടെയും ആധുനിക വാസ്‌തുവിദ്യയുടെയും പ്രതീകമായി മാറുക എന്ന സ്വപ്‌നത്തോടെയാണ് ഈ ഹോട്ടലിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, ഇതിന്റെ നിർമാണം ഇപ്പോഴും പൂർത്തിയാക്കാനായിട്ടില്ല.

1987ലാണ് ഹോട്ടലിന്റെ നിർമാണം ആരംഭിച്ചത്. 1992ൽ ആദ്യ ഘട്ടം പൂർത്തിയായി. എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയും ഉത്തരകൊറിയയിലെ സാമ്പത്തിക പ്രതിസന്ധിയും കാരണം ഹോട്ടലിന്റെ ഉൾവശം പൂർത്തിയാക്കാനായില്ല. വർഷങ്ങളോളം ഈ കെട്ടിടം ഇങ്ങനെ ഒഴിഞ്ഞ അവസ്ഥയിൽ കിടന്നു. പിന്നീട് 2008ൽ ഒരു ഈജിപ്ഷ്യൻ കമ്പനി ഹോട്ടലിന്റെ പുറംഭാഗത്തെ പണികൾ ഏറ്റെടുത്ത് പൂർത്തീകരിച്ചു. ഗ്ലാസ് പാനലുകളും അലുമിനിയം ക്ലാഡിംഗും ചേർക്കുന്നതിനായി അവർ ഏകദേശം 180 മില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചത്. ഇത് 2011ലാണ് പൂർത്തിയായത്.

കെട്ടിടത്തിന്റെ പുറത്ത് എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ആഘോഷ ദിനങ്ങളിൽ ദേശസ്നേഹ വീഡിയോകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കാനായാണ് കെട്ടിടത്തിന്റെ പുറംഭാഗം ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം, ഹോട്ടലിനുള്ളിൽ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണ്. ഉൾവശത്തെ പണികൾ പൂർത്തിയാകാത്തതിനാൽ തന്നെ ഈ ഹോട്ടൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ അതിഥികളും എത്താറില്ല.