പാക് പൗരന്മാർക്ക് യുഎഇയുടെ വലിയ സമ്മാനം, പ്രാബല്യത്തിൽ വന്നത് ജൂലായ് 25 മുതൽ
അബുദാബി: പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും വിസ ഇളവ് പ്രാബല്യത്തിൽ വന്നതായി അറിയിപ്പ്. നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ട് ഉടമകൾക്കാണ് ഇളവ് ലഭിക്കുക. ഇതുസംബന്ധിച്ച് യുഎഇയും പാകിസ്ഥാനും തമ്മിൽ ധാരണയിലെത്തിയതായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷക് ദാർ അറിയിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സയേദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും വിസ ഇളവ് ജൂലായ് 25 മുതൽ പ്രാബല്യത്തിൽ വന്നതായി അദ്ദേഹം അറിയിച്ചതായും ഇഷക് ദാർ വ്യക്തമാക്കി. ജൂലായ് അവസാന വാരം അബുദാബിയിൽ നടന്ന പാകിസ്ഥാൻ-യുഎഇ ജോയിന്റ് മിനിസ്റ്റീരിയൽ കമ്മിഷന്റെ 12-ാമത് സെഷനിൽ ഇരു രാജ്യങ്ങളും നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ടുകൾക്കുള്ള വിസ ഇളവ് കരാറിൽ ഒപ്പുവച്ചതായും പാക് ഉപപ്രധാനമന്ത്രി അറിയിച്ചു.
'യുഎഇയിൽ പ്രവേശിക്കുന്ന നയതന്ത്ര, ഔദ്യോഗിക പാകിസ്ഥാൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ ഇളവ് 2025 ജൂലായ് 25 മുതൽ എല്ലാ യുഎഇ വിമാനത്താവളങ്ങളിലും പ്രാബല്യത്തിൽ വന്നതായി യുഎഇ അധികൃതർ അറിയിച്ചിരിക്കുകയാണ്'- ഇഷക് ദാർ പറഞ്ഞു. പാകിസ്ഥാനിലെ വിമാനത്താവളങ്ങളിൽ യുഎഇ പൗരന്മാർക്ക് സമാന ഇളവുകൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിൽ 1.7 ദശലക്ഷത്തിലധികം പാകിസ്ഥാനികളാണ് താമസിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നത്. എല്ലാക്കൊല്ലവും ആയിരത്തിലധികം പാകിസ്ഥാനികൾ യുഎഇ സന്ദർശിക്കാനെത്തുകയും ചെയ്യുന്നു.