ഇങ്ങനെയാണ് ജയിലിലെ ജീവിതം, വളരെ പ്രാകൃതമായ ഒരു കാര്യം അവിടെ നടക്കുന്നുണ്ട്; ജയിൽവാസത്തെക്കുറിച്ച് വീണ എസ് നായർ
ജയിലിൽ കിടന്നപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് അവതാരകയും കോൺഗ്രസ് നേതാവുമായ വീണ എസ് നായർ. ദേഹ പരിശോധനയെക്കുറിച്ചും വൃത്തിയുള്ള പ്ലേറ്റ് തരാത്തതിനെക്കുറിച്ചുമൊക്കെയാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അവർ ഇക്കാര്യം പറഞ്ഞത്.
'ജയിലിൽ നമ്മൾ പോകുമ്പോൾ വസ്ത്രങ്ങളൊക്കെ വേണമല്ലോ. വീട്ടിൽ നിന്ന് കൊണ്ടുത്തരും. ഫിക്സഡ് സമയത്ത് മാത്രമേ എടുക്കാനാകൂ. ഓരോന്നായി ചെക്ക് ചെയ്ത ശേഷമാണ് നമുക്ക് തരിക. കള്ളക്കടത്ത് നടത്തിയിട്ടോ, കഞ്ചാവ് കടത്തിയിട്ടോ അല്ലെങ്കിൽ വേറെന്തെങ്കിലും തെറ്റ് ചെയ്തല്ല ജയിലിൽ പോയത്. ജനാധിപത്യ രാജ്യമാണല്ലോ. പ്രതിഷേധിച്ചതിനാണ് ജയിലിൽ പോകേണ്ടി വന്നത്. നമ്മുടെ ബോഡി മുഴുവൻ സെർച്ച് ചെയ്യും. അത് വളരെ പ്രാകൃതമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം
വിമാനത്താവളങ്ങിലൊക്കെ ഫുൾ സ്‌ക്രീനിംഗ് സിസ്റ്റം ഉണ്ട്. ശരീരത്തിൽ സ്വർണം കടത്തിയാൽ പോലും ഇതിൽ കണ്ടെത്തും. ഈയൊരു സമയത്താണ് ഈ പ്രാകൃതമായ സെർച്ച്. എനിക്കത് ഭയങ്കര മോശമായി തോന്നി. പ്‌ളേറ്റും ഗ്ലാസും തരും. ഒട്ടും നീറ്റല്ല. മാറ്റിത്തന്നില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ സൂപ്രണ്ട് മാറ്റിത്തന്നു.
ദേഹപരിശോധനയും നമുക്കായി കൊണ്ടുവരുന്ന വസ്ത്രം ഓരോന്നെടുത്ത് നോക്കുകയെന്നതൊക്കെയാണ് എനിക്ക് ഏറ്റവും അരോചകമായി തോന്നിയത്. മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തേണ്ടത് സിസ്റ്റമാണ്. എനിക്ക് ഏറ്റവും പതറ്റിക് ആയി തോന്നിയൊരു കാര്യം രാത്രി മുഴുവൻ സെല്ലിലെ ലൈറ്റ് ഓണായിരിക്കും. അതിന് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ കൃത്യമായ ഷീറ്റോ, കട്ടിലോ ഒന്നുമില്ല. കൊതുക് ശല്യവും ഉണ്ട്. രാത്രി ഉറങ്ങാൻ പറ്റിയില്ല. ഒന്ന് മയങ്ങിവരുമ്പോൾ കൊതുക് കടിയായിരിക്കും.
അന്ന് ആ സമരത്തിൽ പങ്കെടുത്തപ്പോൾ കാലും കൈയൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു. ടാറിൽ വീണപ്പോൾ പറ്റിയതാണ്. പൊലീസ് സ്റ്റേഷനിലെത്തി എട്ട് മണിക്കൂറ് കഴിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. ഞങ്ങളെ കാണാൻ സിദ്ദിഖ് എംഎൽഎയൊക്കെ വന്നിട്ടുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞ് അവരൊക്കെ പ്രതിഷേധിക്കുകയായിരുന്നു.'- വീണ എസ് നായർ പറഞ്ഞു.