കോട്ടയത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; തെരച്ചിൽ ഊർജിതം

Monday 28 July 2025 3:31 PM IST

കോട്ടയം: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാനില്ല. വൈക്കത്ത് കാട്ടിക്കുന്നിലാണ് അപകടമുണ്ടായത്. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഇരുപതോളം പേർ വള്ളത്തിൽ ഉണ്ടായിരുന്നു. ബാക്കി 19പേരെയും രക്ഷപ്പെടുത്തി. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറിഞ്ഞത് കെട്ടുവള്ളമാണെന്നാണ് വിവരം.

പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കരയിൽ നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.