വയനാട് പുതുശേരി കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Monday 28 July 2025 5:33 PM IST

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ പുതുശേരി കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. പുതുശേരി കടവിൽ സർവീസ് നടത്തിയിരുന്ന തോണിയാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ തോണിയിൽ ഒരു കുട്ടിയുൾപ്പടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ തോണി തുഴഞ്ഞിരുന്നയാളാണ് മരണപ്പെട്ടത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, ബാലകൃഷ്‌ണന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

അതേസമയം കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ നടക്കുകയാണ്. കണ്ണൻ എന്ന സുമേഷിനെയാണ് കാണാതായത്. 23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.